'കന്നഡ നടിമാരെക്കാള്‍ എന്ത് അധികയോഗ്യതയാണുള്ളത്?'; മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി തമന്നയെ നിയമിച്ചതില്‍ പ്രതിഷേധം
കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്
ബെംഗളൂരു: മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയെ തെരഞ്ഞെടുത്ത കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കര്‍ണാടക സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റസ് ലിമിറ്റഡാണ് രണ്ട് വര്‍ഷവും രണ്ടു ദിവസത്തെക്കായുള്ള കരാറില്‍ ബാന്‍ഡ് അംബാസിഡറായി തമന്നയെ നിയമിക്കാന്‍ തീരുമാനിച്ചത്. 6.20 കോടി രൂപയാണ് കരാര്‍ തുക. ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിഞ്ജാപനം കര്‍ണ്ണാടക ധനകാര്യ വകുപ്പ് പുറത്തിറക്കിയത്.
കര്‍ണാടക സര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പ്രാദേശിക കന്നഡ നടിമാര്‍ക്ക് പകരം തമന്നയെ തെരഞ്ഞെടുത്തതാണ് വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക വാണിജ്യ വകുപ്പ് മന്ത്രിക്കെതിരെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. ഇത്രയധികം യുവ പ്രാദേശിക കന്നഡ നടിമാര്‍ ഉള്ളപ്പോള്‍, ഇത്തരം പ്രമോഷനുകള്‍ക്ക് തമന്നയെ പോലുള്ള നടിമാരെ തെരഞ്ഞടുക്കുന്നത് എന്തിനാണെന്നാണ് ചോദ്യം.
എന്നാല്‍ 2028 ഓടെ വാര്‍ഷിക വരുമാനം 5,000 കോടിയിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് തങ്ങള്‍ ഈ തീരുമാനമെടുത്തത് എന്നാണ് സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് മന്ത്രി എം.ബി പാട്ടീല്‍ പറഞ്ഞത്. വിവിധ മാര്‍ക്കറ്റിംഗ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം, കെഎസ്‍ഡിഎൽ ബോര്‍ഡ് എടുത്ത തീരുമാനമാണിതെന്നും കന്നഡ ചലച്ചിത്ര വ്യവസായത്തോട് കെഎസ്‍ഡിഎൽ വലിയ ബഹുമാനം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ അറിയപ്പെടുന്ന നിരവധി സെലിബ്രിറ്റികളെ എല്ലാം സസൂഷ്മം വിലയിരുത്തിയതിന് ശേഷമാണ് തമന്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്ഡിഎല്‍ അധികൃതര്‍ വ്യക്തമാക്കി. ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി എന്നിവരെല്ലാം കെഎസ്‍ഡിഎല്ലിന്‍റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലുടനീളം ആരാധകരുള്ളതിനാലാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡറായി പരിഗണിച്ചത്. കൂടാതെ ഏകദേശം 30 മില്യണ്‍ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയിയില്‍ തമന്നക്കുണ്ടെന്നും ഈ കാരണങ്ങള്‍ വിലയിരുത്തിയാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി നടിയെ തെരഞ്ഞെടുത്തതെന്ന് കെഎസ്‍ഡിഎൽ അറിയിച്ചിരുന്നു.