നരേന്ദ്ര മോദി അഴിമതിയുടെ സ്കൂൾ നടത്തുന്നു: രാഹുൽ ഗാന്ധി

‘ഇൻഡ്യ മുന്നണിയുടെ സര്‍ക്കാര്‍ ഈ അഴിമതിയുടെ സ്‌കൂള്‍ പൂട്ടും’

Update: 2024-04-20 07:25 GMT
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ സ്‌കൂള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി അഴിമതിയുടെ സ്‌കൂള്‍ നടത്തുകയാണ്. അവിടെ അഴിമതി ശസ്ത്രം എന്ന വിഷയത്തില്‍ സംഭാവന നല്‍കല്‍ ഉള്‍പ്പെടെയുള്ള പാഠങ്ങള്‍ അദ്ദേഹം വിശദമായി തന്നെ പഠിപ്പിക്കുന്നു’ -സമൂഹ മാധ്യമായ ‘എക്‌സി’ല്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

റെയ്ഡുകള്‍ നടത്തി എങ്ങനെ സംഭാവനകള്‍ ശേഖരിക്കാം? സംഭാവനകള്‍ വാങ്ങിയതിന് ശേഷം എങ്ങനെ കരാറുകള്‍ വിതരണം ചെയ്യാം? അഴിമതിക്കാരെ ശുദ്ധീകരിക്കുന്ന വാഷിങ് മെഷീന്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം? ഏജന്‍സികളെ റിക്കവറി ഏജന്റുമാരാക്കി 'ജാമ്യവും ജയിലും' കളിക്കുന്നതെങ്ങനെ? എന്നിവയെല്ലാം ആ സ്കൂളിൽ പഠിപ്പിക്കുന്നു.

ബി.ജെ.പി അഴിമതിക്കാരുടെ സ​ങ്കേതമായി മാറിയെന്നും അവരുടെ നേതാക്കള്‍ക്ക് ഈ 'ക്രാഷ് കോഴ്സ്' നിര്‍ബന്ധമാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ വരുന്ന സര്‍ക്കാര്‍ ഈ അഴിമതിയുടെ സ്‌കൂള്‍ പൂട്ടുകയും ഈ കോഴ്സ് എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദിയെ 'അഴിമതിയുടെ ചാമ്പ്യന്‍' എന്ന് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രപരമാണ്. ഒരു വശത്ത് ഭരണഘടനയും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനവും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ആർ.എസ്.എസും ബി.ജെ.പിയും, മറുവശത്ത് ഇതിനെ ചെറുക്കുകയും ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുകയും ചെയ്യുന്ന ഇൻഡ്യ മുന്നണിയും. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News