നരേന്ദ്രമോദി ക്ഷമയോടെയും ആസൂത്രണത്തോടെയും പ്രശ്‌നങ്ങൾ പരിഹരിച്ചു: അമിത് ഷാ

രാജ്യത്തെ പുരോഗതി അനുഭവിക്കാതിരുന്ന 80 കോടി ജനങ്ങളെ നരേന്ദ്രമോദി ചേർത്തുപിടിച്ചെന്നും ഷാ

Update: 2022-09-07 06:08 GMT

നരേന്ദ്രമോദി ക്ഷമയോടെയും ആസൂത്രണത്തോടെയും പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ ഫലമായി ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റ് 470 ബില്യണിൽനിന്ന് 640 ബില്യണായി വർധിച്ചുവെന്നും ഷാ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പുരോഗതി അനുഭവിക്കാതിരുന്ന 80 കോടി ജനങ്ങളെ നരേന്ദ്രമോദി ചേർത്തുപിടിച്ചെന്നും ഷാ പറഞ്ഞു. നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി, ദാരിദ്ര്യ നിർമാർജനം, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ അവകാശ വാദം. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും നിഷ്‌ക്രിയ ആസ്തികളുടെ എണ്ണം കുറച്ചുവെന്നും പറഞ്ഞു.

Advertising
Advertising




കോവിഡിന് ശേഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഊർജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തക്കസമയത്ത് വലിയ നയപരമായ തീരുമാനങ്ങൾ എടുത്തു. ലോകം മുഴുവൻ കൽക്കരി പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിലും ഇരുട്ടാകുമെന്ന് ആളുകൾ പറഞ്ഞു, പക്ഷേ അത് നടന്നില്ല കാരണം മോദിജിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഉൽപാദനം കൃത്യസമയത്ത് വർദ്ധിപ്പിച്ചു -അമിത് പറഞ്ഞു.



സർജിക്കൽ സ്‌ട്രൈക്, ജമ്മു കശ്മീരിലെ ആർട്ടിക്ൾ 370 ഒഴിവാക്കൽ, കോവിഡ് കൈകാര്യം ചെയ്യൽ തുടങ്ങിയവ കഴിഞ്ഞ ഏഴുവർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന നേട്ടങ്ങളായി അമിത് ഷാ ഉയർത്തിക്കാട്ടി. 2014 ന് മുമ്പ് ഇന്ത്യക്ക് നയപരമായ പക്ഷാഘാതമായിരുന്നുവെന്നും എന്നിലിപ്പോൾ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. 2014 ന് ശേഷം ഇന്ത്യ സുസ്ഥിര ഗവൺമെൻറിന് സാക്ഷിയായെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടെന്നും എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരായിരുന്നുവെന്നും ഷാ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിരോധ നയം വിദേശനയത്തിൽ നിന്ന് മോചിതമായെന്നും രാജ്യതിർത്തികളിൽ സർജിക്കൽ സ്‌ട്രൈക് നടത്തി പലർക്കും മറുപടി കൊടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.



രാഷ്ട്രീയം ഫിസിക്‌സല്ല, കെമിസ്ട്രിയാണെന്നും പാർട്ടികൾ സഖ്യത്തിലേർപ്പെടുന്നത് കൊണ്ടുമാത്രം അവർക്ക് കൂടുതൽ വോട്ടു കിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പലരും സഖ്യത്തിലേർപ്പെട്ടാലും ഉത്തർപ്രദേശിൽ ബിജെപി വൻഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News