വ്യാജരേഖ ചമയ്ക്കൽ കേസിൽ കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവെച്ചു; രാജിവെച്ച് മഹാരാഷ്ട്ര മന്ത്രി

സ്പോർട്സ് ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മണിക് റാവു കോകാതെ ആണ് രാജിവെച്ചത്

Update: 2025-12-19 10:31 GMT

മുംബൈ: വ്യാജരേഖ ചമയ്ക്കൽ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു. എൻസിപി നേതാവ് മണിക്‌റാവു കൊകാതെ ആണ് രാജിവെച്ചത്. 1995ൽ സർക്കാർ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസിൽ കൊകാതെക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് നാസിക് ജില്ലാ കോടതി ഈ ശിക്ഷാ വിധി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. കോകാതെയുടെ രാജി സ്വീകരിക്കാൻ എൻസിപി പ്രസിഡന്റ് അജിത് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യർഥിച്ചു.

Advertising
Advertising

''ബഹുമാനപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മന്ത്രിയും എന്റെ സഹപ്രവർത്തകനുമായ മണിക്‌റാവു കൊകാതെ എനിക്ക് രാജി സമർപ്പിച്ചു. വ്യക്തികളെക്കാൾ നിയമവാഴ്ചക്ക് പ്രാധാന്യം കൊടുക്കുന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ നയം. ഇതിന്റെ ഭാഗമായി രാജി സ്വീകരിച്ചു. തുടർനടപടികൾക്കായി രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്''- അജിത് പവാർ പറഞ്ഞു.

ബീഡ് ജില്ലയിലെ മസാജോഗ് ഗ്രാമ സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ എൻസിപി മന്ത്രിയായ ധനഞ്ജയ് മുണ്ടെയുടെ സഹായിയായ വാൽമിക് കാരാഡിന് ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് മന്ത്രിക്ക് രാജിവെക്കേണ്ടിവന്നിരുന്നു.

വ്യാജ രേഖ ചമച്ച് സർക്കാർ ഫ്‌ളാറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് കൊകാതെക്ക് എതിരായ കുറ്റം. നാസിക് ജില്ലയിലെ സിന്നാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് കൊകാതെ. സ്‌പോർട്‌സ്, ന്യൂനപക്ഷകാര്യം വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News