നെഹ്‌റുവിന്റെ സംഭാവനകള്‍ മഹത്തരം; പ്രശംസയുമായി നിതിന്‍ ഗഡ്കരി

ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ബഹുമാനത്തോടെ പെരുമാറണം. ഇന്നത്തെ ഭരണപക്ഷം നാളെ പ്രതിപക്ഷമാവും. ഇന്നത്തെ പ്രതിപക്ഷം നാളെ ഭരണപക്ഷമാവും. ജനാധിപത്യത്തില്‍ നമ്മുടെ റോള്‍ നിരന്തരം മാറിക്കൊണ്ടിരിക്കും-ഗഡ്കരി പറഞ്ഞു.

Update: 2021-08-20 02:10 GMT
Advertising

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും നിരന്തരം നെഹ്‌റുവിനെ ലക്ഷ്യംവെക്കുന്നതിനിടെയാണ് ഗഡ്കരി പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. നെഹ്‌റുവും വാജ്‌പേയിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആദര്‍ശനായകരായിരുന്നു. ജനാധിപത്യ മര്യാദയോടെ പ്രവര്‍ത്തിക്കുമെന്ന് ഇരുവരും നിരന്തരം പറയുമായിരുന്നു-ഹിന്ദി വാര്‍ത്താചാനലായ 'ന്യൂസ് നാഷന്‍' സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഗഡ്കരി പറഞ്ഞു.

അടല്‍ജിയുടെ പൈതൃകം നമുക്ക് പ്രചോദനമാണ്, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്-ഗഡ്കരി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയാണ് ഗഡ്കരിയുടെ പരാമര്‍ശം. പെഗാസസ് വിവാദം, കാര്‍ഷിക നിയമങ്ങള്‍, ഇന്ധനവില വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ബഹുമാനത്തോടെ പെരുമാറണം. ഇന്നത്തെ ഭരണപക്ഷം നാളെ പ്രതിപക്ഷമാവും. ഇന്നത്തെ പ്രതിപക്ഷം നാളെ ഭരണപക്ഷമാവും. ജനാധിപത്യത്തില്‍ നമ്മുടെ റോള്‍ നിരന്തരം മാറിക്കൊണ്ടിരിക്കും-ഗഡ്കരി പറഞ്ഞു.

ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്നായിരുന്നു കോണ്‍ഗ്രസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ജനാധിപത്യത്തിന്റെ വിജയത്തിന് ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. നെഹ്‌റു അടല്‍ജിയെ വലിയ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. പ്രതിപക്ഷവും ജനാധിപത്യത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഭരണകക്ഷിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ശക്തമായ പ്രതിപക്ഷം ഉണ്ടാവുന്നതാണ് ജനാധിപത്യത്തിന്റെ വിജയം. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News