Writer - അൻഫസ് കൊണ്ടോട്ടി
anfas123
ബംഗളൂരു: കര്‍ണാടകയില്‍ അധികാരം ഡി.കെ ശിവകുമാറുമായി പങ്കുവെക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് വര്‍ഷവും താന്‍ തന്നെ അധികാരത്തില്‍ തുടരുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വെള്ളിയാഴ്ച വ്യക്തമാക്കി.
നോര്‍ത്ത് കര്‍ണാടകയിലെ വികസന പരിപാടികളെ കുറിച്ച് അസംബ്ലിയില്‍ സംസാരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ വെളിപ്പെടുത്തല്‍. അഞ്ച് വര്‍ഷം മുഖ്യമന്തിയായി തുടരാന്‍ ഹൈക്കമാന്‍ഡ് തന്നെ അനുവദിക്കുമെന്നാണ് തന്റെ വിശ്വാസം. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ഭാവി എന്തായിത്തീരുമെന്നുള്ള ബിജെപി എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. 'ഹൈക്കമാന്‍ഡ് തന്റെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ തീരുമാനം എന്തുതന്നെയായാലും താന്‍ അനുസരിക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ കുറിച്ചുള്ള ബിജെപി നേതാവ് സുനില്‍ കുമാറിന്റെ ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി താനാണെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. 'ഞാനാണ് നിലവിലെ മുഖ്യമന്ത്രി. ഹൈക്കമാന്‍ഡ് അനുകൂലമായി തീരുമാനമെടുക്കുകയാണെങ്കില്‍ തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും.' അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായുള്ള കരാറിന്മേല്‍ പ്രതിപക്ഷം നിരന്തരം ചര്‍ച്ച നടത്താന്‍ ശ്രമം നടത്തിയതോടെ അത്തരമൊരു കരാര്‍ തങ്ങള്‍ക്കിടയിലുണ്ടായിട്ടില്ലെന്നായി സിദ്ധരാമയ്യ. 'രണ്ടര വര്‍ഷം മാത്രമേ താന്‍ മുഖ്യമന്ത്രി ആയി ഭരണം നടത്തുകയുള്ളൂവെന്ന് താനെവിടെയും പറഞ്ഞിട്ടില്ല. കര്‍ണാടകയുടെ മുഖ്യമന്ത്രിയായി താന്‍ ഇനിയും തുടരും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. നേതൃത്വത്തെ അനുസരിക്കാമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുപക്ഷത്തേയും എംഎല്‍എമാര്‍ അവകാശവാദം തുടരുകയായിരുന്നു.
2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം വീതംവെക്കാമെന്നാണ് തീരുമാനിച്ചതെന്നാണ് ശിവകുമാര്‍ പക്ഷം പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സിദ്ധരാമയ്യ മാറണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം.