നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തി അപമാനിച്ച ഡോക്ടർ ജോലിയിൽ ചേരില്ല
ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ വെച്ചാണ് നിതീഷ് കുമാർ നിഖാബ് വലിച്ച് താഴ്ത്തി അപമാനിച്ചത്
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തി അപമാനിച്ച ഡോക്ടർ ജോലിയിൽ ചേരില്ല. ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ ആണ് ജോലിയിൽ പ്രവേശിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. നുസ്രത്ത് പ്രവീണിന്റെ സഹോദരനെ ഉദ്ധരിച്ച് ഇ ന്യൂസ് റൂം എന്ന പോർട്ടലാണ് വാർത്ത നൽകിയിരിക്കുന്നത്.' ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന് നുസ്രത്ത് തീരുമാനിക്കുകയായിരുന്നു. ഞാനുൾപ്പടെയുള്ള കുടുംബാംഗങ്ങൾ തീരുമാനം തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരാളുടെ തെറ്റാണ്. അതിന് അവൾ എന്തിനാണ് പ്രയാസപ്പെടുന്നത് ? '. കൊൽക്കത്തയിലെ ലോ കോളജിലെ അധ്യാപകൻ കൂടിയായ സഹോദരൻ പറഞ്ഞു.
ഈ മാസം 20 നാണ് ജോലിയിൽ പ്രവേശിക്കേണ്ടത്. അപമാന ഭാരം കൊണ്ടാണ് ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന തീരുമാനമെടുത്തത്. നുസ്രത്ത് പ്രവീണിന്റെ ഭർത്താവ് കോളജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് കൈമാറുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ നുസ്രത്ത് പ്രവീണിന്റെ നിഖാബ് ബലമായി താഴ്ത്തി അപമാനിച്ചത്. തിങ്കളാഴ്ച പട്‌നയിലാണ് സംഭവം. നിയമന ഉത്തരവ് കൈമാറിയ നിതീഷ് കുമാർ യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഏതെങ്കിലും തരത്തിൽ യുവതിക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാർ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു. ദൃശ്യങ്ങൾ ആർജെഡിയും കോൺഗ്രസും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ വലിയ പ്രതിഷേധമാണ് ഉയർന്നാണ്.
സംഭവം പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ആർജെഡി ഉയർത്തിയത്. ഇത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന്റെ തകർച്ചയുടെ തെളിവാണോ എന്നാണ് ആർജെഡി ചോദിച്ചത്. 'നിതീഷ് ജിക്ക് ഇതെന്തുപറ്റി? അദ്ദേഹത്തിന്റെ മാനസികനില ഇപ്പോൾ പൂർണ്ണമായും പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നു.' പാർട്ടി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിലൂടെ നിതീഷ് കുമാർ വ്യക്തമാക്കിയതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.