ബിഹാറിലെ ജാതി സർവേക്ക് ഹൈക്കോടതിയുടെ സ്റ്റേ; നിരാശ അറിയിച്ച് നിതീഷ് കുമാർ

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ബിഹാറിൽ സർവേ പ്രഖ്യാപിച്ചത്.

Update: 2023-05-04 10:25 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ബിഹാറിലെ ജാതി സർവേ നിർത്തിവെക്കാൻ പട്‌ന ഹൈക്കോടതിയുടെ ഉത്തരവ്. ജാതി സർവെ ജാതി സെൻസസിന് സമാനമാണെന്ന് കോടതി വിലയിരുത്തി. ബിഹാർ നിവാസികളുടെ സാമ്പത്തിക നിലയെയും ജാതിയെയും കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന സർവേ നടത്താൻ കേന്ദ്രസർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 

കോടതി ഉത്തരവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിരാശ പ്രകടിപ്പിച്ചു. ആവശ്യമുള്ളവർക്ക് മെച്ചപ്പെട്ട സഹായം എത്തിക്കാൻ സർവേയിലൂടെ സർക്കാരിന് സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ദരിദ്രരായ വ്യക്തികളുടെ എണ്ണം അറിയാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ ഇടപെടലുകൾ നടത്താനും സർവേയിലൂടെ സർക്കാരിന് സാധിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി 7 നും 21 നും ഇടയിലാണ് ജാതി സർവേയുടെ ആദ്യ റൗണ്ട് നടന്നത്. രണ്ടാം റൗണ്ട് ഏപ്രിൽ 15 മുതൽ മെയ് 15 വരെ നടക്കാനിരിക്കെയാണ് കോടതി ഉത്തരവ്, രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ബിഹാറിൽ സർവേ പ്രഖ്യാപിച്ചത്.അടുത്ത ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ജാതി സെൻസസ് ആവശ്യം ശക്തമാക്കാനിരിക്കെയാണ് കോടതി ഉത്തരവ്. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, ജാതി സർവേക്കെതിരായ എതിർപ്പുകളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അമർഷം രേഖപ്പെടുത്തി. എന്തുകൊണ്ടാണ് ആളുകൾ സർവേ നടത്തുന്നതിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് അറിയില്ല. അവസാനമായി 1931-ലാണ് സർവേ നടന്നത്. ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും ജനസംഖ്യയെ കണക്കിലെടുക്കുന്ന സർവേയാണിത്. 2021-ൽ നടക്കേണ്ടിയിരുന്ന സർവേ കോവിഡ് മഹാമാരി കാരണമാണ് വൈകിയത്. എല്ലാ രാഷ്ട്രീയ ഗ്രൂപ്പുകളെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് സംസ്ഥാനത്ത് ജാതി സർവേ നടത്താൻ ഉത്തരവിട്ടതെന്നും നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. 

ജാതി സെൻസസിന് അനുകൂലമായ പ്രമേയങ്ങൾ സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും രണ്ടുതവണ ഏകകണ്‌ഠേന പാസാക്കിയിരുന്നു. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ പിന്തുണക്കുകയും ചെയ്തു. എന്നാൽ, കേന്ദ്രം ഇക്കാര്യം നിരസിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് സെൻസസ് സംസ്ഥാനത്തിന് മാത്രമായി പരിമിതപ്പെടുത്തുന്ന തരത്തിൽ സർവേ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർവേ എല്ലാവർക്കും പ്രയോജനകരമായിരിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. 

ബിഹാറിന് പുറമേ കഴിഞ്ഞ ദിവസം ഒഡീഷയിലും സംസ്ഥാന സർക്കാര്‍ ജാതി സർവേ തുടങ്ങിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News