കോടതിയില്‍ വിശ്വാസമുണ്ട്, തട്ടിയെടുക്കപ്പെട്ട നീതി തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ: ബില്‍ക്കിസ് ബാനുവിന്‍റെ ഭര്‍ത്താവ്

'അന്ന് ബിൽക്കിസിന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞേക്കും'

Update: 2022-12-18 07:02 GMT

ഡല്‍ഹി: തങ്ങളില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട നീതി കോടതി തിരികെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബില്‍ക്കിസ് ബാനുവിന്‍റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍. ഒരുപക്ഷേ അന്ന് ബിൽക്കിസിന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞേക്കും. തന്നെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളുടെ മോചനം സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ ബില്‍ക്കിസ് ബാനു പുനപ്പരിശോധന ഹരജി നല്‍കിയിരുന്നു. ഈ ഹരജി കോടതി തള്ളിയതിനു പിന്നാലെയാണ് യാക്കൂബിന്‍റെ പ്രതികരണം.

"കുറ്റവാളികളുടെ മോചനത്തില്‍ ഞങ്ങൾ ദുഃഖിതരാണ്. ഞങ്ങൾക്ക് കോടതിയിൽ വിശ്വാസമുണ്ട്. പ്രതികളുടെ മോചനത്തെ ചോദ്യംചെയ്ത് ഞങ്ങൾ ഹരജി സമർപ്പിച്ചിട്ടുണ്ട്. അത് ഇനി ജനുവരി ആദ്യവാരം പരിഗണിക്കുമെന്നാണ് ഞങ്ങളുടെ അഭിഭാഷക പറഞ്ഞത്. 2022 മെയ് മാസത്തിലെ സുപ്രിംകോടതി ഉത്തരവിന്‍റെ പുനപ്പരിശോധനാ ഹരജി തള്ളി. എന്നാൽ ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത നീതി കോടതി പുനഃസ്ഥാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ ബിൽക്കിസിന് വീണ്ടും ഉറങ്ങാൻ കഴിഞ്ഞേക്കും"- യാക്കൂബ് പറഞ്ഞു.

Advertising
Advertising

2022 മെയ് 13ലെ സുപ്രിംകോടതിയുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹരജി തള്ളിയത്, കുറ്റവാളികളുടെ മോചനത്തെ ചോദ്യംചെയ്തുള്ള റിട്ട് ഹരജിക്ക് നിയമപരമായ തിരിച്ചടിയല്ലെന്ന് അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. മോചനം തേടി പ്രതികളിലൊരാളായ രാധേശ്യാം നല്‍കിയ ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. മഹാരാഷ്ട്രയിൽ വിചാരണ പൂർത്തിയായ കേസിലെ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ക്കിസ് ബാനു പുനപ്പരിശോധനാ ഹരജി നല്‍കിയത്. ഈ ഹരജിയാണ് തള്ളിയത്. 11 പ്രതികളുടെ മോചനം പുനപ്പരിശോധനാ ഹരജിയുടെ പരിധിയില്‍ പെടുന്നതല്ലെന്ന് അഭിഭാഷക പറഞ്ഞു. അത് റിട്ട് ഹരജിയില്‍ ഉന്നയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി.

കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ബില്‍ക്കിസ് ബാനുവിന്‍റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തു. സി.ബി.ഐ അന്വേഷിച്ച കേസിന്‍റെ വിചാരണ സുപ്രിംകോടതി മഹാരാഷ്ട്ര കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2008ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇവരുടെ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെയ്ക്കുകയും ചെയ്തു. ഗുജറാത്ത് സർക്കാർ ഈ വര്‍ഷം ആഗസ്ത് 15നാണ് പ്രതികളെ മോചിപ്പിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News