കർണാടകയിൽ ആർഎസ്എസ് മാർച്ചിൽ പങ്കെടുത്ത നാല് അധ്യാപകർക്ക് നോട്ടീസ്; പഞ്ചായത്ത് സെക്രട്ടറിയുടെ സസ്പെൻഷൻ റദ്ദാക്കി

അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സേനാ നേതാക്കൾ ബിഇഒക്ക് പരാതി നൽകിയിരുന്നു.

Update: 2025-10-30 17:19 GMT

ബംഗളൂരു: ആർ‌എസ്‌എസ് അംഗത്വം നേടുകയും സംസ്ഥാനത്തുടനീളം റൂട്ട് മാർച്ചുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന സർക്കാർ ജീവനക്കാർക്കെതിരായ നടപടികൾ തുടർന്ന് കർണാടക സർക്കാർ. ബിദർ ജില്ലയിലെ ഔറാദ് താലൂക്കിലെ നാല് അധ്യാപകർക്ക് അധികൃതർ നോട്ടീസ് നൽകി. മഹാദേവ്, ഷാലിവൻ, പ്രകാശ്, സതീഷ് എന്നിവർക്കാണ് ഔറാദ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) വിശദീകരണം തേടി നോട്ടീസ് നൽകിയത്.

ഒക്ടോബർ ഏഴിനും 13നും ഔറാദിൽ നടന്ന ആർ‌എസ്‌എസ് മാർച്ചിലാണ് അധ്യാപകർ ആർഎസ്എസ് യൂണിഫോമിൽ കുറുവടിയേന്തി പങ്കെടുത്തത്. 27ന് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സേനാ നേതാക്കൾ ബിഇഒക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് ബിഇഒ നോട്ടീസ് നൽകിയത്.

Advertising
Advertising

'ഒക്ടോബർ ഏഴിനും 13നും ബിദർ ജില്ലയിലെ ഔറാദ് താലൂക്കിൽ നടന്ന ആർ‌എസ്‌എസ് പദയാത്രയിൽ നിങ്ങൾ പങ്കെടുത്തതായി കണ്ടെത്തി. നിങ്ങളുടെ പങ്കാളിത്തത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സർക്കാർ ജീവനക്കാരായതിനാൽ രാഷ്ട്രീയമോ മതപരമോ ആയ ഏതെങ്കിലും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയിരിക്കുന്നു. ആർ‌എസ്‌എസ് പദയാത്രയിൽ പങ്കെടുത്തതിലൂടെ നിങ്ങൾ സർക്കാർ സേവന നിയമങ്ങൾ ലംഘിച്ചു'- നോട്ടീസിൽ പറയുന്നു.

നോട്ടീസ് ലഭിച്ചാൽ ഓഫീസിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. അതേസമയം ആർ‌എസ്‌എസ് സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ പങ്കെടുത്തതിന് പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാറിനെ സസ്‌പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.

റായ്ച്ചൂർ ജില്ലയിലെ ലിംഗസാഗൂരിൽ നടന്ന ആർ‌എസ്‌എസ് പദയാത്രയിൽ പങ്കെടുത്തതിനാണ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. തന്റെ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ സമ്മർദം മൂലമാണെന്നും ഉദ്യോഗസ്ഥൻ വാദിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News