ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; മധ്യപ്രദേശിൽ എസ്ഡിപിഐ കൗൺസിലർക്കെതിരെ എൻഎസ്എ ചുമത്തി

വിഎച്ച്പി പ്രവർത്തകരുടെ പരാതിയിലാണ് എൻഎസ്എ ചുമത്തി കേസെടുത്തതെന്നും വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നും എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുൽ സത്താർ പറഞ്ഞു.

Update: 2022-08-02 05:01 GMT
Advertising

ഭോപ്പാൽ: മധ്യപ്രദേശിലെ ഷാജാപൂരിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എസ്ഡിപിഐ കൗൺസിലർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. അടുത്ത് നടന്ന മുൻസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഷാജൻപൂർ സിറ്റിയിലെ 12-ാം വാർഡിൽ വിജയിച്ച സമീയുല്ല ഖാനെതിരെയാണ് എൻഎസ്എ ചുമത്തിയത്. ആഹ്ലാദപ്രകടനത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.

വിഎച്ച്പി പ്രവർത്തകരുടെ പരാതിയിലാണ് എൻഎസ്എ ചുമത്തി കേസെടുത്തതെന്നും വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നും എസ്ഡിപിഐ വാർത്താക്കുറിപ്പിൽ പറഞ്ഞു. ''പരിപാടി നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ദേശവിരുദ്ധ മുദ്രാവാക്യത്തെ കുറിച്ച് പരാതി വരുന്നത്. പരിപാടിയുടെ വീഡിയോയിൽ അത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്ന ദൃശ്യങ്ങളില്ല. വിഎച്ച്പി പ്രവർത്തകർ ഹാജരാക്കിയ വീഡിയോയിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കാതെ ഗൂഢാലോചനക്കാരുടെ താളത്തിനൊത്ത് പൊലീസ് പ്രവർത്തിച്ചത് ആശ്ചര്യകരമാണ്''- എസ്ഡിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രവർത്തകരുടെ ആത്മവീര്യം കെടുത്താൻ പൊലീസ് നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുൽ സത്താർ പറഞ്ഞു. അനുമതിയില്ലാതെ റാലി നടത്തിയെന്ന് ആരോപിച്ചാണ് സമീയുല്ല ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സമീയുല്ലയോ അദ്ദേഹത്തിന്റെ അനുയായികളോ അങ്ങനെയൊരു റാലി നടത്തിയിട്ടില്ല. വിജയിച്ചപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കാനായി അദ്ദേഹത്തെ പിന്തുണക്കുന്നവർ ഒരുമിച്ചുകൂടുകയാണ് ചെയ്തത്. വിജയിച്ച എല്ലാ കൗൺസിലർമാരും ഇത്തരം പരിപാടി നടത്തിയിട്ടുണ്ട്. പക്ഷെ എസ്ഡിപിഐ കൗൺസിലർക്കെതിരെ മാത്രമാണ് കേസെടുത്തത്. എൻഎസ്എ പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് പൊലീസും ബിജെപിയും ഒരു വിഭാഗത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇതെന്നും സത്താർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News