ഉന്നാവില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പരാതി: ആശുപത്രി ഉടമ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

18കാരിയായ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

Update: 2022-05-01 10:40 GMT
Advertising

ലക്നൌ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ നഴ്സിനെ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ഉടമ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു. 18കാരിയായ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഉന്നാവിലെ ന്യൂ ജീവൻ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് യുവതി ജോലിയിൽ പ്രവേശിച്ചത്. ഇന്നലെ രാവിലെയാണ് ആശുപത്രിയുടെ ടെറസിൽ നിന്നും താഴേക്ക് തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി, ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്ന് നഴ്സിന്‍റെ അമ്മ പറഞ്ഞു.

രോഗികൾ ഇല്ലാതിരുന്നിട്ടും മകളെ രാത്രി ജോലിയുടെ പേരിൽ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രി ഉടമയായ അനിൽ കുമാർ, സഹായികളായ നൂർ ആലം, ചന്ദ് ആലം എന്നിവരെ കൂടാതെ മറ്റൊരു ആശുപത്രി ജീവനക്കാരനും എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുഖത്ത് മാസ്ക് ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും ഉന്നാവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുണ്ടായിട്ടുണ്ട്. 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി മുന്‍ എം.എൽ.എ കുൽദീപ് സെൻഗാറിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2019 ആഗസ്റ്റിൽ കൂട്ടബലാത്സംഗ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ഒരു പെൺകുട്ടിയും അമ്മയും ഉന്നാവോ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. 2019 ഡിസംബറിൽ ബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെട്ട സ്ത്രീയെ പ്രതികള്‍ തന്നെ തീകൊളുത്തിക്കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തു.

Summary- A case of gangrape and murder was lodged against a private hospital owner and three others after the body of an 18-year-old nurse was found hanging from a pillar of the healthcare facility in Unnao district on Saturday.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News