ഒരു വർഷം, അഞ്ച് യു ടേണുകൾ; പ്രതിപക്ഷവും സഖ്യകക്ഷികളും ചരടു വലിക്കുന്ന മോദി 3.0
കഴിഞ്ഞ ഒരു വർഷം മോദി സർക്കാർ എങ്ങനെയാണ് സഖ്യകക്ഷികളുടേയും ശക്തമായ പ്രതിപക്ഷത്തിന്റേയും സമ്മർദ്ദത്തിനു വഴങ്ങേണ്ടി വന്നതെന്നും നിലപാടുകളിലെ യു ടേണുകളുമറിയാം
ന്യൂഡൽഹി: കഴിഞ്ഞ ജൂൺ ഒൻപതിനാണ് മോദി സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുന്നത്. എന്നാൽ ആദ്യമായാണ് സഖ്യകക്ഷികളെ പൂർണമായും ആശ്രയിച്ചുള്ള ഭരണത്തിന് മോദി സർക്കാർ നിർബന്ധിതരാകുന്നത്. 400 സീറ്റുകളിൽ വിജയിക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വീമ്പു പറഞ്ഞിരുന്നെങ്കിലും ജൂൺ നാലിന് പെട്ടിപൊട്ടിച്ചപ്പോൾ മോദിയും കൂട്ടരും 240 സീറ്റുകളിലൊതുങ്ങി . ഇതോടെ സർക്കാർ രൂപീകരണത്തിന് സഖ്യകക്ഷികളെ ഒപ്പം നിർത്തിയാലേ മതിയാകൂ എന്ന അവസ്ഥയായി.
സെൻസസിനൊപ്പം ജാതി കണക്കെടുപ്പും നടത്താനുള്ള തീരുമാനം, ഓപറേഷൻ സിന്ദൂറിന് ശേഷമുള്ള ആഗോള നയതന്ത്ര പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയത്, കേന്ദ്ര സർക്കാർ തസ്തികകളിലേക്കുള്ള ലാറ്ററൽ എൻട്രിയിൽ സംവരണം ഏർപ്പെടുത്തിയത്, അടൽ ബിഹാരി സർക്കാരിന്റെ 21 വർഷം പഴക്കമുള്ള പെൻഷൻ പരിഷ്‌കരണ പദ്ധതി റദ്ദാക്കി ഏകീകൃത പെൻഷൻ പദ്ധതി കൊണ്ടുവന്നത്, സുപ്രധാന നിയമനിർമാണങ്ങളായ വഖഫ് ഭേദഗതി പോലുള്ളവ പാർലമെന്ററി കമ്മിറ്റിക്ക് അയക്കാൻ നിർബന്ധിതരായ പാർലമെന്റിലെ നീക്കങ്ങൾ തുടങ്ങിയവ കഴിഞ്ഞ ഒരു വർഷം മോദി സർക്കാർ എങ്ങനെയാണ് സഖ്യകക്ഷികളുടേയും ശക്തമായ പ്രതിപക്ഷത്തിന്റേയും സമ്മർദ്ദത്തിനു വഴങ്ങേണ്ടി വന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ്.
കഴിഞ്ഞ രണ്ട് തവണയും ഉണ്ടായിരുന്ന ആധിപത്യത്തിൽ നിന്നും വ്യത്യസ്തമായ ഈ തവണ ബിജെപിക്കും മോദി സർക്കാരിനും നേരിട്ട പ്രധാന തിരിച്ചടികൾ ഇവയാണെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു:
ജാതി കണക്കെടുപ്പ്
ഏപ്രിൽ 30 നാണ് കേന്ദ്രം പത്തു വർഷം കൂടുമ്പോൾ നടത്തുന്ന സെൻസസിനൊപ്പം ജാതി കണക്കെടുപ്പ് കൂടി നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. രാജ്യവ്യാപക ജാതി കണക്കെടുപ്പ് പ്രതിപക്ഷത്തിന്റെ ദീർഘകാലമായുള്ള ആവശ്യവും 2024 തെരഞ്ഞെടുപ്പിലെ പ്രധാന വിഷയവുമായിരുന്നു.
രാജ്യത്തിന്റെ മൂല്യങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നതിന്റെ തെളിവാണ് ഈ തീരുമാനമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ജാതി കണക്കെടുപ്പ് പ്രഖ്യാപനത്തിനിടെ അവകാശപ്പെട്ടിരുന്നു. ഇൻഡ്യ സഖ്യം ജാതി സെൻസസിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതായും ജാതി കണക്കെടുപ്പിനെ എല്ലായ്പ്പോഴും എതിർത്തവരാണ് കോൺഗ്രസെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചു.
ജാതി കണക്കെടുപ്പെന്ന ആവശ്യം സമൂഹത്തെ വിഭജിക്കുന്ന നീക്കമാണെന്ന് പറഞ്ഞ് 2024 തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നിഷ്‌കരുണം തള്ളിക്കളഞ്ഞവരാണ് ബിജെപി. ഇപ്പോൾ ജാതി കണക്കെടുപ്പ് നടത്താം എന്ന തീരുമാനം ബിജെപിക്കേറ്റ വലിയ തിരിച്ചടിയുടെ തെളിവായിക്കാണാം.
2011 ന് ശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ല. 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. 2026 ഒക്ടോബർ ഒന്നിന് രാജ്യത്ത് സെൻസസും ജാതി കണക്കെടുപ്പും ആരംഭിക്കുമെന്നാണ് നിലവിൽ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ലാറ്ററൽ എൻട്രി
പ്രതിപക്ഷത്തിന്റെയും എൻഡിഎയിലെ തന്നെ സഖ്യകക്ഷികളുടേയും സമ്മർദത്തെ തുടർന്ന് 45 പ്രധാന തസ്തികകളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം പിൻവലിക്കാൻ ആഗസ്റ്റിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സാമൂഹിക നീതിയും ഉന്നമനവും കൈവരിക്കുന്നതിനുള്ള സുപ്രധാന നീക്കമായിരിക്കും ഇതെന്ന് വിജ്ഞാപനം പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ലാറ്ററൽ എൻട്രിയിൽ സംവരണം കൂടി വേണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
10 ജോയിന്റ് സെക്രട്ടറി, 35 ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്കുള്ള ലാറ്ററൽ എൻട്രി വിജ്ഞാപനം എല്ലാ ദിക്കിൽ നിന്നുമുള്ള വിമർശനത്തിന് വഴിവെച്ചിരുന്നു. സംവരണം ഒഴിവാക്കാനുള്ള ആസൂത്രിതമായ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എൻഡിഎ സഖ്യകക്ഷിയിലുൾപ്പെട്ട ലോക് ജനശക്തി പാർട്ടി - രാംവിലാസ് പസ്വാൻ അംഗവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാനും നീക്കത്തിൽ വിമർശനമുന്നയിച്ചിരുന്നു. സർക്കാർ തസ്തികകളിലെ സംവരണത്തിന് 'പക്ഷേ' പറഞ്ഞൊഴിയാൻ കഴിയില്ലെന്നാണ് ചിരാഗ് പറഞ്ഞത്.
യുപിഎ സർക്കാരിന്റെ കാലത്തെ സർക്കാർ തസ്തികകളിലെ നിയമനങ്ങളെയടക്കം ഉദ്ധരിച്ച് ന്യായീകരിക്കാൻ കേന്ദ്ര മന്ത്രിമാർ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
ഏകീകൃത പെൻഷൻ സ്‌കീം (യുപിഎസ്)
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ 21 വർഷം പഴക്കമുള്ള ദേശീയ പെൻഷൻ സ്‌കീം റദ്ദാക്കി ഏകീകൃത പെൻഷൻ സ്‌കീം കേന്ദ്ര മന്തിസഭ ഓഗസ്റ്റിൽ അംഗീകരിച്ചു. യുപിഎസ് വഴി അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ 50% സർക്കാർ ജീവനക്കാർക്ക് പെൻഷനായി ലഭിക്കും. കൂടാതെ പഴയ പെൻഷൻ പദ്ധതി സംയോജിപ്പിച്ച് എൻപിഎസു പോലെ സംഭാവക ഘടനയുള്ള പെൻഷൻ ഉറപ്പുവരുത്തും.
പ്രതിപക്ഷപാർട്ടികളിൽ നിന്നുള്ള പ്രതിഷേധത്തെത്തുടർന്നാണ് യുപിഎസ് നടപ്പിലാക്കാനുള്ള തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഢ്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ നേരത്തെ തന്നെ പഴയ സ്‌കീമിലേക്ക് തിരിച്ചു പോയിരുന്നു. 2023 ൽ എൻപിഎസിനെക്കുറിച്ച് അവലോകനം ചെയ്യുന്നതിനും സാമ്പത്തിക സൂക്ഷ്മത ഉറപ്പാക്കുന്നതിനുമായി കേന്ദ്ര ധനകാര്യ സെക്രട്ടറി സോമനാഥന്റെ നേതൃത്വത്തിൽ സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് യുപിഎസ് നടപ്പിലാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനിടെ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയായിരുന്നു യുപിഎസ് നടപ്പിലാക്കാനുള്ള തീരുമാനം.
ഓപറേഷൻ സിന്ദൂറിന് ശേഷമുള്ള നയതന്ത്ര പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ പിന്തുണ തേടി
കഴിഞ്ഞ രണ്ട് തവണകളിൽ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര തലത്തിൽ മോദി സർക്കാർ പ്രവർത്തിക്കുന്ന രീതിയിൽ കാര്യമായ മാറ്റമുണ്ട്. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ, പാകിസ്താനുമായുള്ള സൈനിക സംഘർഷം എന്നിവയിൽ ഉഭയകക്ഷി പിന്തുണ തേടുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. കഴിഞ്ഞ ഭരണകാലത്ത് പുൽവാമ ഭീകരാക്രമണത്തിലും ബാലാകോട്ട് വ്യോമാക്രമണത്തിലും മറുപടി നൽകുമ്പോൾ പോലും സ്വന്തമായി വിദേശ നയങ്ങൾ രൂപപ്പെടുത്തുന്നതായിരുന്നു മോദിയുടെ രീതി. എന്നാൽ ഈ തവണ പ്രധാന നയതന്ത്ര ഇടപെടലിനായി അയച്ച പ്രതിനിധി സംഘത്തിനായി സർക്കാർ പ്രതിപക്ഷ പിന്തുണ തേടുകയായിരുന്നു.
പാകിസ്താൻ പിന്തുണയോടെ നടത്തുന്ന തീവ്രവാദത്തെ അപലപിക്കുന്ന ഇന്ത്യയുടെ നിലപാടിന് ആഗോള പിന്തുണ തേടി 33 രാജ്യങ്ങളിലേക്കാണ് സർവകക്ഷി പ്രതിനിധികളും മുൻ നയതന്ത്രജ്ഞരുമടങ്ങുന്ന ഏഴ് സംഘത്തെ അയച്ചത്. മുൻ സർക്കാരുകളുടെ കീഴിൽ ഇത്തരം പ്രതിനിധി സംഘത്തെ അയച്ചിരുന്നെങ്കിലും പ്രതിപക്ഷത്തെ തഴയുന്ന നിലപാട് മാത്രം സ്വീകരിച്ചിരുന്ന മോദി സർക്കാരിന് കീഴിൽ ഇതാദ്യമാണ്. വിദേശ രാജ്യങ്ങിലെ സന്ദർശത്തിനിടയിൽ ഭരണപക്ഷ പ്രതിനിധികളും പ്രതിപക്ഷ പ്രതിനിധികളും രാജ്യത്തിനകത്ത് കാണിക്കാത്ത ഒത്തൊരുമയോടെ ഒരേ ശബ്ദത്തിൽ സംസാരിക്കുന്നത് കാണാമായിരുന്നു.
പാർലമെന്റിലെ നീക്കങ്ങൾ
2020ലെ വിവാദമായ കാർഷിക ബിൽ, ആർട്ടിക്കിൽ 370 റദ്ദാക്കിയത്, രണ്ടാം ടേമിന്റെ അവസാനത്തിൽ നിരവധി എംപിമാരെ സസ്പെൻഡ് ചെയ്തത് തുടങ്ങിയ നീക്കങ്ങൾ മോദി സർക്കാരിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പാർലമെന്റിൽ ഉണ്ടായ പ്രതിപക്ഷത്തിന്റെ എണ്ണത്തിലെ വർധനവോടെ ഇതിനൊരു മാറ്റമുണ്ടായിരിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മോദി സർക്കാർ കൊണ്ടുവന്ന ആദ്യ നിയമനിർമാണം വഖ്ഫ് ഭേദഗതി ബിൽ ആയിരുന്നു. മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള പ്രസ്തുത നിയമനിർമാണം 'ഭരണഘടനാ വിരുദ്ധമെന്നും', 'ഫെഡറൽ വിരുദ്ധമെന്നും' ആരോപിച്ച് പ്രതിപക്ഷ എംപിമാർ പ്രതിഷേധം നടത്തിയതോടെ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ചു. കഴിഞ്ഞ ടേമുകളിൽ ബില്ലുകൾ പാസാക്കാൻ എളുപ്പമായിരുന്നെങ്കിലും ഈ തവണ ബില്ലുകൾ പാസാക്കുന്നത് മോദി സർക്കാരിന് ഒരു കടമ്പയാണ്.
ഏപ്രിലിൽ വഖ്ഫ് നിയമഭേദഗതി ബിൽ പാസായെങ്കിലും വളരെ ചെറിയ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. രാജ്യസഭയിൽ 128 വോട്ടുകൾ അനുകൂലവും 98 വോട്ടു പ്രതികൂലിച്ചും വന്നപ്പോൾ ലോക്സഭയിൽ 288 അനുകൂല വോട്ടുകൾക്ക് 232 പ്രതികൂല വോട്ടുകളാണ് ലഭിച്ചത്.
സർക്കാർ നടപ്പാക്കാനിരുന്ന ബ്രോഡ്കാസ്റ്റിങ് ബില്ലും മാറ്റി വെക്കേണ്ടി വന്നു. വാർത്താ പ്രക്ഷേപണ മന്ത്രാലയം പുതിയ ബ്രോഡ്കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബില്ലിനായി പ്രവർത്തിക്കുന്നുണ്ടെന്നും വിശദമായ കൂടിയാലോചനക്കു ശേഷം കരട് പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.
റിയൽ എസ്റ്റേറ്റ് വിൽപ്പനയുടെ നികുതി കണക്കാക്കുന്ന രീതി മാറ്റാനുള്ള കേന്ദ്ര ബജറ്റിലെ തീരുമാനവും വിമർശനത്തെത്തുടർന്ന് മാറ്റാൻ സർക്കാർ നിർബന്ധിതരായി. പഴയതും പുതിയതുമായ നികുതി നിരക്കുകൾക്കിടയിൽ നികുതിദായകർക്ക് തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന നിയമനിർമാണം ലോക്സഭ പാസാക്കി.