കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് 'ഓപ് ഇന്ത്യ'; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്‌സ്
'ഓപ് ഇന്ത്യ' ഏറ്റവും കൂടുതൽ തവണ ലക്ഷ്യം വെച്ചിട്ടുള്ള മാധ്യമപ്രവർത്തകൻ ഇന്ത്യ ടുഡേ കൺസൾട്ടന്റ് എഡിറ്റർ രജദീപ് സർദേശായി ആണ്
ന്യുഡൽഹി: കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരേയും മാധ്യമസ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഹിന്ദുത്വ ശക്തികൾ നേതൃത്വം നൽകുന്ന 'ഓപ് ഇന്ത്യ' ന്യൂസ് വെബ്‌സൈറ്റ്. 2023 നും 2025 നും ഇടക്ക് ഇത്തരത്തിലുള്ള 314 വാർത്തകളാണ് ഇവർ വെബ്‌സൈറ്റിൽ നൽകിയത്. 2025 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ ഇത്തരത്തിലുള്ള 91 വാർത്തകളാണ് ഇവർ പ്രസിദ്ധീകരിച്ചത്. അതിൽ 43 എണ്ണം രാജ്യത്തെ പ്രമുഖരായ അഞ്ച് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ളതാണ്. 32 വാർത്തകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് ഇവർക്കെതിരെ ഉണ്ടായത് എന്നും റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴിന്റെ റിപ്പോർട്ടിൽ ഉണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വേട്ടക്കാരുടെ പട്ടികയിലാണ് ആർഎസ്എഫ് 'ഓപ് ഇന്ത്യ'യെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരകർക്ക് പരസ്യം നിഷേധിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി നിരവധി പരസ്യധാതാക്കൾ ഓപ് ഇന്ത്യക്ക് പരസ്യം നൽകുന്നത് അവസാനിപ്പിച്ചുവെങ്കിലും ഗുഗിൾ അഡ് സെൻസിൽ നിന്നുള്ള വരുമാനം ഇപ്പോഴും ഓപ് ഇന്ത്യ വെബ്‌സൈറ്റിന് ലഭിക്കുന്നുണ്ട്.
ആർഎസ്എഫിന്റെ പ്രധാന കണ്ടെത്തൽ
2023 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 314 വാർത്തകളാണ് മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും ലക്ഷ്യമിട്ട് പ്രസിദ്ധീകരിച്ചത്. അതിൽ 208 വാർത്തകളിൽ 134 മാധ്യമപ്രവർത്തകരെ കുറിച്ചുള്ളതായിരുന്നു. അതിൽ 50 മാധ്യമപ്രവർത്തകർ ഓപ് ഇന്ത്യയിൽ വാർത്ത വന്നതിന് പിന്നാലെ സൈബർ ആക്രമണത്തിന് ഇരയായി. 56 മാധ്യമ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള ആക്രമണത്തിന് ഇരയായി.
- വ്യാപകയായി 'ഓപ് ഇന്ത്യ' ലക്ഷ്യമിട്ട മാധ്യമപ്രവർത്തകരുടെ പേരും ആർഎസ്എഫ് പുറത്തുവിട്ടിട്ടുണ്ട്. 'ഓപ് ഇന്ത്യ' ഏറ്റവും കൂടുതൽ തവണ ലക്ഷ്യം വെച്ചിട്ടുള്ള മാധ്യമപ്രവർത്തകൻ ഇന്ത്യ ടുഡേ കൺസൾട്ടന്റ് എഡിറ്റർ രജദീപ് സർദേശായി ആണ്. 36 ലേഖലനങ്ങളാണ് സർദേശായിക്കെതിരെ 'ഓപ് ഇന്ത്യ'യിൽ വന്നത്. ദി വയറിലെ മാധ്യമപ്രവർത്തക ആർഫ ഖാനുമ ഷെർവാണി (18), ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ (15 ), ദി ഹിന്ദുവിലെ മാധ്യമപ്രവർത്തകൻ മഹേഷ് ലംഗ (13) സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവീഷ് കുമാർ (11) വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് റാണ അയ്യൂബ് (10), ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുരകായസ്ത (10) എന്നിവരാണ് മറ്റുള്ളവർ.
- വിദേശ മാധ്യമപ്രവർത്തകരും 'ഓപ് ഇന്ത്യ'യുടെ വാർത്താ ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വിദേശ മാധ്യമപ്രവർത്തകരായ ഹന്നാ എല്ലിസ്-പീറ്റേഴ്‌സൺ (ദി ഗാർഡിയൻ), അവാനി ഡയസ് (എബിസി. ന്യൂസ്) എന്നിവരെയും ഓപ്ഇന്ത്യ ലക്ഷ്യമിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
- സ്വതന്ത്രമാധ്യമ സ്ഥാപനങ്ങളായ ദി വയർ, ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺട്രി തുടങ്ങിയവയോയും ഓപ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നു.
- 200 ലേറെ ലേഖനങ്ങളിൽ മാധ്യമപ്രർത്തകരെ അധിക്ഷേപിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ നിരവധി പ്രയോഗങ്ങളുണ്ട്. ' വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ, രാജ്യദ്രോഹികൾ, നുണയൻമാർ, പക്ഷപാതികൾ, ഹിന്ദുവിരുദ്ധർ, ഇന്ത്യ വിരുദ്ധർ ' എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.
ഈ വർഷം സെപ്റ്റംബർ വരെ 91 ലേഖനങ്ങളാണ് മാധ്യമപ്രവർത്തകർക്കെതിരേയും മാധ്യമസ്ഥാപനങ്ങൾക്കെതിരേയും ഓപ് ഇന്ത്യയിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കാലയളവിൽ അർഫ ഖാൻ ഷെർവാനി, മുഹമ്മദ് സുബൈർ, രജദീപ് സർദേശായി, രവീഷ് കുമാർ, റാണ അയ്യൂബ് എന്നിവരെ ലക്ഷ്യമിട്ട് നിരവധി വാർത്തകളാണ് ഓപ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത പുറത്തു വരുന്നതിനെ പിന്നാലെ ഇവർക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. സൈബർ ആക്രണത്തിന് നേതൃത്വം നൽകുന്ന 12 അക്കൗണ്ടുകൾ നിരന്തരമായി ഓപ് ഇന്ത്യ വാർത്തകൾ ഷെയർ ചെയ്യുന്നവരാണ്. അതിലെ അഞ്ചു പേരെ ഓപ് ഇന്ത്യ സൈറ്റിന്റെ അഡ്മിൻമാർ ഫോളോ ചെയ്യുന്നവരാണ്.
ആർഎസ്എഫ് ഇംപാക്ട് പുരസ്‌ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ ദി ന്യൂസ് മിനുട്ട് എഡിറ്റർ ധന്യ രാജേന്ദ്രനെതിരെ ഓപ് ഇന്ത്യയിൽ വാർത്ത വന്നു. ആ വാർത്ത ഏതാണ്ട് 3000 ത്തിലേറെ പേരാണ് പങ്കിട്ടത്തത്. വിദേശ സഹായം ലഭിക്കുന്ന ദേശവിരുദ്ധ മാധ്യമപ്രവർത്തക എന്ന രീതിയിലാണ് ധന്യരാജേന്ദ്രനെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്യപ്പെട്ടത്. ധന്യക്കെതിരായ പ്രചാരണത്തിന് ഒരു സംഘടിത സ്വഭാവമുണ്ടായിരുന്നു.
ഇന്ത്യയിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷയും സൈബർ ആക്രമണത്തിന് എതിരായ പോരാട്ടവും പ്രധാനമാണെന്നും സൈബർ ആക്രമണങ്ങളിൽ അന്വേഷണം നടത്തണമെന്നും ആർഎസ്എഫ് എഡിറ്റോറിയൽ ഡയറക്ടർ ആവശ്യപ്പെട്ടു. വിദ്വേഷ കണ്ടന്റുകൾ നീക്കം ചെയ്യാൻ എക്‌സ് ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകൾ തയ്യാറാവണം. ഓപ് എഡിന് ഫണ്ട് നൽകുന്നതിൽ നിന്ന് ഗൂഗിൾ ആഡ് സൻസ് പിന്മാറണമെന്നും ആർഎസ്എഫ് എഡിറ്റോറിയൽ ഡയറക്ടർ ആൻ ബോകാൻഡെ ആവശ്യപ്പെട്ടു.