പാർക്കിങ് ഫീസ് വേണം; ബ്രിട്ടീഷ് യുദ്ധവിമാനമായ f - 35 നൽകേണ്ടത് ഇത്ര രൂപ...
22 ദിവസമാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ വിഐപി ബേയിൽ കഴിഞ്ഞത്
തിരുവനന്തപുരം: 22 ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനം f - 35 കഴിഞ്ഞ ദിവസമാണ് ഹാംഗറിലേക്ക് മാറ്റിയത്. ബ്രിട്ടീഷ് റോയൽ നേവിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി യുകെയിൽ നിന്നുള്ള എഞ്ചിനീയർമാരുടെ സംഘം വിമാനത്തവളത്തിലെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഇതോടെ വിഐപി വിമാനങ്ങൾക്കായി ഒരുക്കിയ സ്ഥലത്ത് 22 ദിവസം തങ്ങിയതിന്റെ പാർക്കിങ് ഫീസ് എത്രയാകുമെന്നതാണ് ഇനി അറിയേണ്ടത്.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ സൂക്ഷമ നിരീക്ഷണത്തിൽ ബേ - 4ലാണ് വിമാനം സൂക്ഷിച്ചിരുന്നത്.ഒരു ദിവസത്തേക്ക് 26,262 രൂപയാണ് F - 35 ന്റെ പാർക്കിങ് ഫീസായി ഇന്ത്യൻ പ്രതിരോധ ഗവേഷണ വിഭാഗം കണക്കാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കിൽ 22 ദിവസത്തേക്ക് ഏകദേശം 5,77,742 രൂപയോളം വരും. വിമാനം ഹാംഗറിലേക്ക് മാറ്റാമെന്ന എയർ ഇന്ത്യയുടെ നിർദേശം ബ്രിട്ടീഷ് അധികൃതർ തള്ളിയിരുന്നു.
കൃത്യമായി എത്ര രൂപയെന്ന കാര്യത്തിൽ വിമാനത്താവള അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പാർക്കിങ് ഫീസായി വരുന്ന തുക കേന്ദ്ര സർക്കാർ വഹിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതാദ്യമായാണ് ഇത്രയും നൂതന സാങ്കേതിക വിദ്യകളുള്ള ബ്രിട്ടീഷ് യുദ്ധവിമാനം വിദേശ രാജ്യത്ത് അടിയന്തരമായി ഇറക്കേണ്ടി വന്നത്. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലെ ആറംഗ സംഘമാണ് വിമാനത്തിന് കാവൽ നിന്നത്.
110 മില്യൺ ഡോളർ വിലവരുന്ന വിമാനത്തിന്റെ പ്രശ്‌നം പരിഹരിക്കാനായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും പരാജയപ്പെട്ടതോടെ ഹാംഗറിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 14നാണ് പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ഇന്ധന നിലയും കാരണം ബ്രിട്ടീഷ് വിമാനം കേരളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നത്.