അഴിമതിക്കേസിൽ പാർത്ഥ ചാറ്റർജി പുറത്ത്; നടപടിയുമായി മമത

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനകം 50 കോടി രൂപ പാർത്ഥയുമായി ബന്ധമുള്ള അപാർട്ട്‌മെന്റുകളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്

Update: 2022-07-28 11:22 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: അഴിമതിക്കേസിൽ അറസ്റ്റിലായ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ കടുത്ത നടപടി. പാർത്ഥയെ പുറത്താക്കാനായി തൃണമൂൽ കോൺഗ്രസിനകത്തുതന്നെ വൻ മുറവിളി ഉയരുന്നതിനിടെയാണ് നടപടി.

നിയമന വിവാദം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് നടക്കുന്ന യോഗത്തിൽ നിർണായകമായ നടപടികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പാർത്ഥയെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കാനും സാധ്യതയുണ്ട്.

പാർത്ഥയെ മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ഇന്ന് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലായിരുന്നു പാർത്ഥയുടെ പ്രതികരണം. തന്റെ ആവശ്യം തെറ്റാണെങ്കിൽ തന്നെ പാർട്ടി അംഗത്വത്തിൽനിന്ന് നീക്കണമെന്നും പാർട്ടി സൈനികനായി സേവനം തുടരുമെന്നുമാണ് ട്വീറ്റിൽ തൃണമൂൽ വക്താവ് കൂടിയായ കുനാൽ വ്യക്തമാക്കിയത്.

സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. പാർത്ഥയുടെ അടുത്ത സുഹൃത്തെന്ന് പറയപ്പെടുന്ന അർപിത മുഖർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർത്ഥയുടെ അറസ്റ്റ്. ഇതിനുശേഷവും പാർത്ഥയുമായി ബന്ധമുള്ള അപാർട്‌മെന്റിൽനിന്ന് കൂടുതൽ പണവും സ്വർണവും പിടിച്ചെടുത്തിരുന്നു. ഇതുവരെ 50 കോടി രൂപയാണ് പിടികൂടിയിട്ടുള്ളത്.

ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അഴിമതിയെ പിന്തുണയ്ക്കില്ലെന്നും മമത ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അഴിമതിയെ പിന്തുണയ്ക്കില്ലെന്നും എന്നാൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും മമത വ്യക്തമാക്കി.

Summary: Partha Chatterjee, accused in SSC recruitment scam, removed from all posts in the West Bengal cabinet

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News