ചന്ദ്രബാബു നായിഡുവിനെ ജയിലിൽ സന്ദർശിച്ച് പവൻ കല്യാൺ; നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയുമായി കൈകോർക്കും

നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച പവൻ കല്യാൺ, അപലപനം കൊണ്ട് തീരില്ലെന്നും പറഞ്ഞു.

Update: 2023-09-14 14:49 GMT
Advertising

ഹൈദരാബാദ്: അഴിമതിക്കേസില്‍ രാജമുണ്ട്രി സെൻട്രൽ ജയിലില്‍ കഴിയുന്ന ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ച് നടനും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ. അടുത്ത വർഷം നടക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസേനാ പാർട്ടി നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി (ടിഡിപി) കൈകോർക്കുമെന്ന് സന്ദർശന ശേഷം പവൻ കല്യാൺ പറ‍ഞ്ഞു.

'തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിഡിപിയും ജനസേനയും ഒന്നിക്കണമോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഇപ്പോൾ എൻഡിഎയിലാണ്. വൈഎസ്ആർസിപിയുടെ അതിക്രമങ്ങൾക്കെതിരെ പോരാടാൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എൻഡിഎയും ജനസേനയും ടിഡിപിയും ഒന്നിക്കണമെന്നാണ് എന്റെ ആ​ഗ്രഹം'- പവൻ കല്യാൺ പറഞ്ഞു.

വൈഎസ്ആർസിപിയുടെ ഭരണം ആന്ധ്രാപ്രദേശിന് താങ്ങാനാകുന്നില്ലെന്നും പവൻ കൂട്ടിച്ചേർത്തു. നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച പവൻ കല്യാൺ, അപലപനം കൊണ്ട് തീരില്ലെന്നും പറഞ്ഞു. നായിഡുവിന്റെ മകൻ നാരാ ലോകേഷ്, ഭാര്യാ സഹോദരൻ നന്ദമുരി ബാലകൃഷ്ണ എന്നിവർക്കൊപ്പമാണ് പവൻ കല്യാൺ മുൻ മുഖ്യമന്ത്രിയെ ജയിലിൽ കണ്ടത്.

അതേസമയം, ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡു സുരക്ഷിതനാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആഭ്യന്തര മന്ത്രി തനേതി വനിതാ പറഞ്ഞിരുന്നു. നായിഡുവിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അസത്യമാണെന്നും പ്രത്യേക ബ്ലോക്കിൽ അദ്ദേഹത്തിന് നല്ല സുരക്ഷയുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

സ്കില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

നായിഡുവും കുടുംബവും ടിഡിപിയും 279 കോടിയുടെ ദുർവിനിയോഗ ഫണ്ടിന്‍റെ അന്തിമ ഗുണഭോക്താക്കളാണെന്നാണ് സിഐഡി ആരോപണം. അഴിമതിയുടെ മുഖ്യ സൂത്രധാരനെന്ന് നായിഡുവിനെ വിശേഷിപ്പിച്ച സിഐഡി അദ്ദേഹം ഫണ്ട് ദുരുപയോഗം ചെയ്യുകയും തെറ്റായ രേഖകൾ ഉണ്ടാക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News