രാഹുൽ​ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത് 'തുക്ഡെ തുക്ഡെ ​കൂട്ടം'; ഭാരത് ജോഡോ യാത്രയ്ക്കെതിരെ അധിക്ഷേപവുമായി ബി.ജെ.പി എം.പി

യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി ഹിന്ദു-മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ ചെങ്കോട്ടയിൽ പറഞ്ഞിരുന്നു.

Update: 2022-12-25 15:14 GMT

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഡൽഹിയിലെ സമാപനത്തിനു പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കും യാത്രയ്ക്കുമെതിരെ അധിക്ഷേവുമായി ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. ​തുക്ഡെ തുക്ഡെ ​കൂട്ടമാണ് ഗാന്ധിക്കൊപ്പമുണ്ടായിരുന്നതെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം.

'സ്നേഹം പ്രചരിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുൽ ​ഗാന്ധി പറയുന്നത്. എന്നാൽ രാജ്യത്തെ വിഭജിക്കുന്നവർക്കൊപ്പമാണ് അദ്ദേഹത്തിന്റെ നടപ്പ്. ഭാരത് ജോഡോ യാത്രയിൽ പലയിടത്ത് വച്ചും തുക്ഡെ തുക്ഡെ കൂട്ടം അദ്ദേഹത്തിനൊപ്പം ചേർന്നിരുന്നു. അവർക്കൊപ്പം നടന്ന് രാഹുൽ ​ഗാന്ധി എങ്ങനെയാണ് സ്നേഹം പ്രചരിപ്പിക്കുന്നത്'- രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

Advertising
Advertising

യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി ഹിന്ദു-മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ ചെങ്കോട്ടയിൽ പറഞ്ഞിരുന്നു. പള്ളിയും അമ്പലവും എല്ലാം ചേർന്നതാണ് ഹിന്ദുസ്ഥാൻ. എല്ലാവരും പരസ്പരം സ്‌നേഹിക്കുന്നതാണ് താൻ ഈ യാത്രയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി രാജ്യത്ത് ഭീതി വിതക്കുകയാണെന്നും ബി.ജെ.പി സർക്കാരല്ല അദാനി-അംബാനി സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. ഡിഗ്രിക്കാർ രാജ്യത്ത് പക്കോട വിൽക്കുകയാണ്. 1000 കോടി ചെലവിട്ട് നുണ പ്രചാരണം നടത്തിയിട്ടും താനൊന്നും മിണ്ടിയില്ല. സത്യം തനിക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

'ഈ യാത്രയിൽ വിദ്വേഷമില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിദ്വേഷ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി ആളുകൾ പരസ്പരം സഹായിക്കുന്ന 'യഥാർഥ ഹിന്ദുസ്ഥാൻ' സാധ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വിശദമാക്കി. തന്നെ സ്‌നേഹിക്കുന്നവരോടും ജോഡോ യാത്രയ്ക്ക് പിന്തുണ നൽകിയ ലക്ഷക്കണക്കിന് ആളുകളോടും നന്ദിയുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

ഒമ്പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇനി ജനുവരി മൂന്നിനാണ് യാത്ര ഡൽഹിയിൽ പുനരാരംഭിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. ഇതിനോട് കോൺഗ്രസ് നേതാക്കൾ രൂക്ഷമായാണ് പ്രതികരിച്ചത്. ഭാരത് ജോഡോ യാത്രയെ തകർക്കാനുള്ള നാടകമാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ കോവിഡ് പ്രോട്ടോക്കോൾ വാദങ്ങളെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചിരുന്നു.

അതേസമയം, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ അണിചേർന്നിരുന്നു. ഐ.ടി.ഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരമാണ് കമൽ രാഹുലിനൊപ്പം സഞ്ചരിച്ചത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും കമൽ സംസാരിച്ചു.

ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിൽ ഇറങ്ങുമെന്ന് കമൽഹാസൻ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ആരാണ് എന്നത് തനിക്ക് വിഷയമല്ല. രാജ്യത്തിന് ഒരു പ്രതിസന്ധി ഉണ്ടായാൽ നമ്മളെല്ലാം ഒന്നാണ്. ഇന്ത്യക്കാരനായിട്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News