ഷാഹീൻ ബാഗിലും റെയ്ഡ്; പി.എഫ്.ഐക്കെതിരെ രാജ്യവ്യാപക പരിശോധനയും കൂട്ട അറസ്റ്റും തുടരുന്നു

ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് ശുഐബ് അഹ്മദിനെ ഷാഹീൻ ബാഗിലെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയിട്ടുണ്ട്

Update: 2022-09-27 05:48 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിന്റെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി വീണ്ടും നടപടി ശക്തമാക്കി കേന്ദ്രം. 'ഓപറേഷൻ ഒക്ടോപസി'ന്റെ ഭാഗമായി ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, കർണാടക എന്നിവിടങ്ങളിലാണ് ഇന്ന് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ റെയ്ഡും അറസ്റ്റും തുടരുന്നത്. ഡൽഹിയിൽ പൗരത്വ ഭേദഗതി സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഷാഹീൻ ബാഗിലും റെയ്ഡ് നടക്കുന്നുണ്ട്.

ഡൽഹിയിൽ ഷാഹിൻ ബാഗിലും നിസാമുദ്ദീനിലുമാണ് ഇന്നു പുലർച്ചെ റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര ഏജൻസികളും ഡൽഹി പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ഷാഹീൻ ബാഗിലെ വീട്ടിൽനിന്ന് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് ശുഐബ് അഹ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയിട്ടുണ്ട്. മറ്റു നാലുപേരും ഡൽഹിയിൽ അറസ്റ്റിലായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന റെയ്ഡിൽ ഭീകരവിരുദ്ധ സ്‌ക്വാഡും(എ.ടി.എസ്) എൻ.ഐ.എയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. പൂനെയിൽ ആറ് പോപുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പാർട്ടി ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യാനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വിശദീകരണം.

അസമിൽ എട്ടു ജില്ലകളിലാണ് വ്യാപകമായ റെയ്ഡ് പുരോഗമിക്കുന്നത്. ഗോൽപാര, കാംരൂപ്, ബാർപേട്ട, ധുബ്രി, ബാഗ്‌സ, ദറങ്, ഉദൽഗുരി, കരിംഗഞ്ച് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്നു രാവിലെ ആരംഭിച്ച നടപടിയിൽ 21 പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് ഏറ്റവും വലിയ റെയ്ഡും മറ്റു നടപടികളും പുരോഗമിക്കുന്നത് കർണാടകയിലാണ്. കർണാടകയിലെ പി.എഫ്.ഐ നേതാക്കളായ അബ്ദുൽ കരീം, ശൈഖ് മഖ്‌സൂദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനിടെ റെയ്ഡിനെതിരെ പ്രതിഷേധവുമായെത്തിയ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്. 60 പി.എഫ്.ഐ പ്രവർത്തകരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എയുടെയും എ.ടി.എസിന്റെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നത്. പാർട്ടി ഓഫീസുകൾക്കു പുറമെ നേതാക്കളുടെ വീടുകളിലും പരിശോധയുണ്ടായി. തുടർന്ന് ദേശീയ-സംസ്ഥാന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. 100ലേറെ നേതാക്കളാണ് രാജ്യവ്യാപകമായി അറസ്റ്റിലായത്. നടപടിയിൽ പ്രതിഷേധിച്ച് പി.എഫ്.ഐ വെള്ളിയാഴ്ച കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നൂറുകണക്കിനു പ്രവർത്തകരെ സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Summary: Paramilitary forces in Shaheen Bagh as raids on PFI continue

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News