മരുമക്കളും യുവതികളും ക്യാമറ ഫോൺ ഉപയോഗിക്കരുത്; വിചിത്ര ഉത്തരവുമായി രാജസ്ഥാനിലെ ഗ്രാമപഞ്ചായത്ത്
രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമപഞ്ചായത്താണ് ജനുവരി 26 മുതൽ 15 ഗ്രാമങ്ങളിൽ ഈ വിചിത്ര തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്
ജോധ്പൂര്‍: മരുമക്കളും പ്രായപൂര്‍ത്തിയായ പെൺകുട്ടികളും ക്യാമറയുള്ള ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഗ്രാമപഞ്ചായത്ത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമപഞ്ചായത്താണ് ജനുവരി 26 മുതൽ 15 ഗ്രാമങ്ങളിൽ ഈ വിചിത്ര തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്.
കൂടാതെ, പൊതു ചടങ്ങുകളിലേക്കോ അയൽവാസികളുടെ വീട്ടിലേക്കോ ഫോൺ കൊണ്ടുപോകുന്നതും നിരോധിക്കും. പകരം, സ്മാർട്ട്‌ഫോണുകൾക്ക് പകരം കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.ജലോർ ജില്ലയിലെ ഗാസിപൂർ ഗ്രാമത്തിൽ ഞായറാഴ്ച 14 ഉപവിഭാഗങ്ങളുടെ പ്രസിഡന്‍റ് സുജ്‌നാറാം ചൗധരിയുടെ അധ്യക്ഷതയിൽ നടന്ന ചൗധരി സമൂഹത്തിന്‍റെ യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് അംഗം ഹിമ്മതാരമാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് ചൗധരി പിടിഐയോട് പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളും സമുദായ പ്രതിനിധികളുമായുള്ള ചര്‍ച്ചകൾക്ക് ശേഷം ഗ്രാമത്തിലെ മരുമക്കളും യുവതികളും ഫോൺ ചെയ്യാനായി കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനിച്ചതായി ഹിമ്മതാരാം പറഞ്ഞു.വിദ്യാര്‍ഥിനികൾക്ക് പഠനത്തിനായി മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ ഇവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
പഞ്ചായത്തിന്‍റെ തീരുമാനത്തിനെതിരായ എതിർപ്പിന് മറുപടിയായി, കുട്ടികൾ പലപ്പോഴും അവരുടെ വീടുകളിലെ സ്ത്രീകളുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് അവരുടെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് ചൗധരി വ്യക്തമാക്കി. ചില സ്ത്രീകൾ കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി അവരുടെ ഫോൺ അവർക്ക് നൽകുന്നുണ്ടെന്നും പുതിയ തീരുമാനം അവരുടെ ദൈനംദിന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.