ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി യാത്രക്കാരൻ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വൃത്തിഹീനമായ ഇന്റീരിയർ, പൊട്ടിയ ഗ്ലാസുകൾ, തുരുമ്പെടുത്ത ശുചിമുറികൾ എന്നിവയുടെ ചിത്രങ്ങളാണ് ഒക്ടോബർ രണ്ടിന് സബർമതിയിൽ നിന്ന് വെരാവലിലേക്ക് യാത്ര ചെയ്ത ഹിമാൻഷു മുഖർജി എന്ന യാത്രക്കാരൻ എക്സിൽ പങ്കുവെച്ചത്.
"ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ വന്ദേ ഭാരത് ട്രെയിനുകളിലൊന്ന് വെസ്റ്റേൺ റെയിൽവേയിലായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വൃത്തിയില്ലാത്ത പുറംഭാഗം, പൊട്ടിയ ഗ്ലാസ്, തുരുമ്പെടുത്ത ശുചിമുറികൾ... ഇന്ത്യൻ റെയിൽവേയുടെ മുൻനിര ട്രെയിനിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല," എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തത്.
ഹിമാൻഷുവിന്റെ പരാതി വൈറലായതോടെ ഡിആർഎം അഹമ്മദാബാദ് സംഭവത്തിൽ അടിയന്തര പ്രതികരണവുമായി രംഗത്തെത്തി. "നിങ്ങളുടെ പ്രതികരണത്തെ ഞങ്ങൾ ഗൗരവമായി കാണുന്നു. നിങ്ങൾ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തീർത്തും അംഗീകരിക്കാനാവാത്തതും ഞങ്ങളുടെ നിലവാരത്തിന് താഴെയുള്ളതുമാണ്," റെയിൽവേ അധികൃതർ വ്യക്തമാക്കി.
യാത്രക്കാരന്റെ പരാതിയെത്തുടർന്ന് അറ്റകുറ്റപ്പണി വിഭാഗം ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഇടപെടുകയും പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള ട്രെയിനിന്റെ ചിത്രങ്ങളും റെയിൽവേ അധികൃതർ പിന്നീട് പങ്കുവെച്ചിട്ടുണ്ട്.
യാത്രക്കാരന്റെ പോസ്റ്റിന് താഴെ വലിയ ചർച്ചകളാണ് നടക്കുന്നത്. ട്രെയിനുകൾ വൃത്തിഹീനമാകുന്നതിന് യാത്രക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നവരാണ് ഏറെയും. "ട്രെയിനുകൾ വൃത്തികേടാകുന്നതിന് പിന്നിലെ പ്രധാന കാരണം യാത്രക്കാരാണ്. ആളുകൾ പാൻ ചവച്ചുതുപ്പി ട്രെയിനിന്റെ ജനലുകളും മറ്റും നശിപ്പിക്കുന്നതടക്കം കണ്ടിട്ടുണ്ട്," എന്ന് നിരവധി പേർ കമന്റ് ചെയ്തു. അതേസമയം, പൊതുമുതൽ കൃത്യമായി പരിപാലിക്കുന്നതിൽ റെയിൽവേയും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.