യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന പാർട്ടികളുടെ കെണിയിൽ വീഴരുത്: പ്രധാനമന്ത്രി

രാജ്യത്തിന്റെ സംതുലിതമായ വികസനത്തിനും സാമൂഹ്യനീതിക്കും സാമൂഹ്യസുരക്ഷക്കും വേണ്ടിയാണ് കഴിഞ്ഞ എട്ട് വർഷം തന്റെ സർക്കാർ പ്രവർത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Update: 2022-05-20 09:06 GMT
Advertising

ജയ്പൂർ: യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന പാർട്ടികളുടെ കെണിയിൽ വീഴരുതെന്ന് ബിജെപി നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ നിർദേശം. രാജ്യത്തിന്റെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നത് ചില പാർട്ടികളുടെ സ്വഭാവമാണ്. അതിൽ വീണുപോവരുത്. വികസനവും ദേശീയ താൽപര്യവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ നടക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സംതുലിതമായ വികസനത്തിനും സാമൂഹ്യനീതിക്കും സാമൂഹ്യസുരക്ഷക്കും വേണ്ടിയാണ് കഴിഞ്ഞ എട്ട് വർഷം തന്റെ സർക്കാർ പ്രവർത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപി വികസനം ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നപ്പോൾ ചില രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നൈമിഷികമായ നേട്ടങ്ങൾക്കായി രാജ്യത്തിന്റെ ഭാവികൊണ്ട് കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടിയുടെ പേര് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ ജനങ്ങളിൽ വിഷം കുത്തിവെക്കാനാണ് ഇത്തരം പാർട്ടികൾ ശ്രമിക്കുന്നത്. എന്നാൽ ബിജെപിയുടെ പൂർവരൂപമായ ജനസംഘത്തിന്റെ കാലം മുതൽ ദേശീയതയും രാഷ്ട്രനിർമാണവും മുഖ്യ അജണ്ടയാക്കിയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. ഈ ദേശസ്‌നേഹമാണ് രാജ്യത്തിന്റെ വികസനത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടിയെ പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മളൊരിക്കലും കുറുക്കുവഴികൾ തേടിപ്പോവേണ്ടതില്ല. രാജ്യതാൽപര്യവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളിൽ കേന്ദ്രീകരിച്ചാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. പാവപ്പെട്ടവരുടെ ക്ഷേമവും അവരുടെ ജീവിതം മെച്ചപ്പെടുത്തലുമാണ് അടിസ്ഥാന ആവശ്യം. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കലാണ് നമ്മുടെ കടമ. ഈ വഴിയിൽനിന്ന് ഒരിക്കലും നമ്മൾ തെറ്റിപ്പോവരുത്-പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News