യുപിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ യോഗത്തിനിടയില്‍ പോണ്‍ വിഡിയോ; അന്വേഷണം ആരംഭിച്ചു
സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളും ഡിഎമ്മും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിനായിരുന്നു യോഗം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ യോഗത്തിനിടയില്‍ പോണ്‍ വിഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടത്തിയ ഇ-ചൗപാൽ സെഷനിലാണ് പോണ്‍വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അജ്ഞാതരായ ചിലര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യോഗത്തിൽ മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ് കുമാർ ശർമ്മ, വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാനാധ്യാപകർ, സർക്കാർ അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളും ഡിഎമ്മും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിനാണ് യോഗം നടത്തിയത്.
യോഗത്തിനിടെ ‘ജേസൺ ജൂനിയർ’ എന്ന പേരിലുള്ള ഐഡി തന്റെ സ്‌ക്രീൻ പങ്കിടുകയും അശ്ലീല വീഡിയോ പ്ലേ ചെയ്യുകയും ചെയ്‌തു.ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ സെഷനിൽ നിന്ന് ഇറങ്ങിപ്പോയി. ‘അർജുൻ’ എന്നറിയപ്പെടുന്ന മറ്റൊരു ഐഡിയില്‍ നിന്നുള്ള വ്യക്തി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ ഓഫീസർ റിദ്ധി പാണ്ഡെയുടെ നിര്‍ദേശപ്രകാരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സുദാമ പ്രസാദ് മഹാരാജ്ഗഞ്ചിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സൈബർ ക്രൈം വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്ന് കോട്‌വാലി എസ്എച്ച്ഒ സത്യേന്ദ്ര റായ് പറഞ്ഞു. സൈബര്‍കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും കുറ്റവാളികളെ ഉടന്‍ തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് മഹാരാജ്ഗഞ്ച് ജില്ലാ ഭരണകൂടം വ്യക്തമാക്കി.