'സത്യത്തിനല്ല, അധികാരത്തിനാണ് പ്രാധാന്യം നൽകുന്നത്'; ആർഎസ്എസിനെ കടന്നാക്രമിച്ച് രാഹൽ ഗാന്ധി

' ജനാധിപത്യം എന്നത് കേവലം ഒരു ഭരണ സംവിധാനമല്ല, അത് ഉത്തരവാദിത്തം കൂടിയാണ്'

Update: 2025-12-20 14:43 GMT

ബെർലിൻ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ഉദ്ധരിച്ച് ആർഎസ്എസിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ' സത്യത്തിനല്ല, അധികാരത്തിനാണ് പ്രാധാന്യമെന്ന് ആർഎസ്എസ് തലവൻ തന്നെ പറയുന്നു. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം ' രാഹുൽ ഗാന്ധി ജർമനിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ 'കണക്റ്റിംഗ് കൾച്ചേഴ്‌സ്' പരിപാടിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

ഇന്ത്യൻ സംസ്‌കാരം സത്യത്തിൽ അധിഷ്ഠിതമാണ്. നിങ്ങൾ ഏത് മതമെടുത്തു നോക്കിയാലും, അടിസ്ഥാനപരമായി അവർ പറയുന്നത് സത്യം പിന്തുടരാനാണ്. കോൺഗ്രസ്, മഹാത്മാഗാന്ധി, നിങ്ങളെല്ലാവരും ഇന്ത്യയുടെ സത്യത്തെ സംരക്ഷിക്കുന്നു. ആർഎസ്എസ് അത് ചെയ്യുന്നില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം എന്നത് കേവലം ഒരു ഭരണ സംവിധാനമല്ല, അത് ഉത്തരവാദിത്തം കൂടിയാണ്. അസമത്വങ്ങൾ പരിഹരിക്കുന്നതിന് ആഗോള സഹകരണം ആവശ്യമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

ജർമനി സന്ദർശനത്തിനിടെ നിരവധി നേതാക്കളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുൻ ജർമ്മൻ ചാൻസലർ ഓലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി. ആഗോള വിഷയങ്ങൾ, വ്യാപാരം, ഇന്തോ-ജർമ്മൻ ബന്ധം ശക്തിപ്പെടുത്തുന്നത് എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തതായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് അറിയിച്ചു. ജർമ്മനിയുടെ ഉപചാൻസലർ ലാർസ് ക്ലിംഗ്‌ബെയിൽ, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണ മന്ത്രി കാർസ്റ്റൺ ഷ്‌നൈഡർ എന്നിവരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News