രാഷ്ട്രപതിയുടെ സഹചാരി, 'നാഷണല്‍ ക്രഷ്'; മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ വിരമിച്ചു
രാഷ്ട്രപതിക്കൊപ്പം സഹായിയായി പ്രവര്‍ത്തിക്കുന്ന വേളയിലെ മേജര്‍ ഋഷഭിൻ്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്‌പെഷല്‍ ഫോഴ്‌സ് ഓഫീസര്‍ മേജര്‍ ഋഷഭ് സിങ് സ്യാംബാല്‍ വിരമിച്ചു. 12 വര്‍ഷത്തെ സേവനത്തിന് ശേഷം കാലാവധി പൂര്‍ത്തിയാക്കും മുമ്പാണ് സൈന്യത്തില്‍ നിന്ന് സ്വമേധയാ വിരമിച്ചിരിക്കുന്നത്.
രാഷ്ട്രപതിക്കൊപ്പം സഹായിയായി പ്രവര്‍ത്തിക്കുന്ന വേളയിലെ മേജര്‍ ഋഷഭിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. നിരവധി ഔദ്യോഗിക പരിപാടികളിലും വിദേശപര്യടനങ്ങളിലുമെല്ലാം മേജര്‍ ഋഷഭ് രാഷ്ടപതിയെ അനുഗമിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ കാര്യങ്ങളിലുള്ള അതീവ ശ്രദ്ധയും കരുതലും മേജര്‍ ഋഷഭിനെ വേറിട്ടുനിര്‍ത്തിയിരുന്നു. 'നാഷണല്‍ ക്രഷ്' എന്നാണ് മേജര്‍ ഋഷഭിനെ പല ദേശീയമാധ്യമങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്.
പദവി ഒഴിഞ്ഞതിന് ശേഷം ആഗസ്റ്റ് 21ന് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഋഷഭ് സിങ് സ്യാംബാല്‍ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതിഭവന്‍ പുറത്തുവിട്ട ചിത്രത്തില്‍ റിട്ടയേഡ് മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ സംബാ സ്വദേശിയാണ് 31കാരനായ മേജര്‍. അവിവാഹിതനാണ്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലൂടെയാണ് അദ്ദേഹം സൈന്യത്തിലെത്തിയത്. 2021ലെ റിപ്പബ്ലിക് ഡേ പരേഡില്‍ ജാട്ട് റെജിമെന്റിന്റെ സംഘത്തെ നയിച്ച് മികച്ച മാര്‍ച്ചിംഗ് കണ്ടിന്‍ജന്റ് ട്രോഫി നേടിയതോടെയാണ് സാംബാല്‍ ശ്രദ്ധേയനാകുന്നത്.
എന്തുകൊണ്ടാണ് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് മേജര്‍ ഋഷഭ് സിങ് സാംബ്യാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. സൈന്യത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചതെന്ന് വ്യക്തമാക്കി. ഉടനെയൊന്നും വിവാഹിതനാവില്ലെന്നും വിവാഹിതനാവുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.