'നീ സത്യത്തിനൊപ്പം നിൽക്കു'; ഫോട്ടോഗ്രാഫി പ്രദർശന വിവാദത്തിൽ മകന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കം ചെയ്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി

Update: 2026-10-22 10:49 GMT

ന്യൂഡൽഹി: ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന മകൻ റൈഹാൻ വാദ്രയുടെ ഫോട്ടോഗ്രാഫി പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്തെന്ന റിപ്പോർട്ടുകൾക്കിടെ വൈകാരിക സന്ദേശവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി.

അധികാരത്തിലുള്ള ഒരാൾ മറ്റൊരാളുടെ ആവിഷ്കാരത്തെ ഭയപ്പെടുന്നുവെങ്കിൽ, അയാൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ശക്തി ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് പ്രിയങ്ക കുറിച്ചു. മകൻ സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി.“നീ സത്യത്തിനുവേണ്ടി നിലകൊള്ളുന്നു. മനോഹരമായതെല്ലാം നിന്നിലേക്ക് എത്തിച്ചേരും. നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്, എന്നും അത് അങ്ങനെതന്നെയായിരിക്കും,” എന്നായിരുന്നു പ്രിയങ്കയുടെ സന്ദേശം. 'മാമാ' എന്ന് ഒപ്പിട്ടാണ് മകനോടുള്ള സ്നേഹവും പിന്തുണയും അവർ അറിയിച്ചത്.

Advertising
Advertising

'നോ ഐഡിയ ഈസ് ഫൈനൽ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനത്തിൽനിന്ന് ഡൽഹിയിലെ യുവാക്കളുടെ പ്രതിഷേധങ്ങൾ ചിത്രീകരിക്കുന്ന ഫോട്ടോകൾ നീക്കാൻ ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്നാണ് റൈഹാൻ വാദ്രയുടെ ആരോപണം. ത്രിവർണ പതാക ഉൾപ്പെടുന്ന രണ്ട് ചിത്രങ്ങൾ നീക്കാനും നിർദേശമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പതാകയുടെ ചിത്രങ്ങൾ നീക്കാൻ താൻ വിസമ്മതിച്ചതായും അതിനാൽ പ്രദർശനം പരിമിതമായ രീതിയിൽ മാത്രമേ നടത്താനാകൂവെന്നും റൈഹാൻ വ്യക്തമാക്കി. പ്രതിഷേധങ്ങളുടെ ഫോട്ടോഗ്രാഫുകൾ പൂർണമായി പ്രദർശിപ്പിക്കാൻ മറ്റൊരു വേദി കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കം ചെയ്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, രാജ്യസഭാ എംപി പവൻ ഖേര, എംപി കാർത്തി ചിദംബരം തുടങ്ങിയവർ സംഭവത്തിൽ പ്രതികരിച്ചു.ഫോട്ടോഗ്രാഫി പ്രദർശനത്തിലെ ചിത്രങ്ങൾ നീക്കിയെന്ന ആരോപണം ആവിഷ്കാര സ്വാതന്ത്രം സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News