ഗുജറാത്തിൽ ക്ഷേത്രത്തിൽ നിന്ന് 1.6 കോടിയുടെ വെള്ളിയാഭരണങ്ങൾ കവർന്നു; പൂജാരിയടക്കം അഞ്ച് പേർ അറസ്റ്റിൽ

ക്ഷേത്ര നിലവറയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ ഒക്ടോബർ 13ന് സെക്രട്ടറി പരാതി നൽകിയതോടെയാണ് മോഷണം പുറത്തറിയുന്നത്.

Update: 2025-10-19 16:54 GMT

Photo| Special Arrangement

അഹമ്മദാബാദ്: ​ഗുജറാത്തിൽ ക്ഷേത്രത്തിൽ നിന്ന് 1.64 കോടി വിലമതിക്കുന്ന വെള്ളിയാഭരണങ്ങൾ കവർന്നു. സംഭവത്തിൽ പൂജാരിയടക്കം അഞ്ച് പേർ പിടിയിൽ. അഹമ്മദാബാദ് പാലാഡിയിലെ ശ്രീ ലക്ഷ്മി വർധ ജൈന സംഘ്- ജൈന ദെരാസർ ക്ഷേത്രത്തിൽ നിന്നാണ് 117.33 കിലോ വെള്ളി ആഭരണങ്ങൾ മോഷണം പോയത്. കേസിൽ ക്ഷേത്ര പൂജാരി മെഹുൽ റാത്തോഡ്, ജീവനക്കാരി ഹേതൽബെൻ, ഭർത്താവ് കിരൺഭായ്, വെള്ളി വ്യാപാരികളായ സഞ്ജയ്, റൗനക് എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിന്റെ നിലവറയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ ഒക്ടോബർ 13ന് ക്ഷേത്ര സെക്രട്ടറി പാലാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് മോഷണം പുറത്തറിയുന്നത്. പരാതിയെ തുടർന്ന് ക്ഷേത്രത്തിലെ രണ്ട് ശുചീകരണ തൊഴിലാളികളിൽ ഒരാളായ ഹേതൽബെന്നിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഇവരുടെ ഭർത്താവും ക്ഷേത്ര പൂജാരിയുമുൾപ്പെടെ മറ്റ് നാല് പേർ ഉൾപ്പെട്ട വലിയ ഗൂഢാലോചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്നായിരുന്നു മറ്റുള്ളവരുടെ അറസ്റ്റ്.

Advertising
Advertising

പ്രതികളിൽനിന്ന് 72.87 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ, 79,000 രൂപ, നാല് മൊബൈൽ ഫോണുകൾ, ഒരു എസ്‌യുവി കാർ എന്നിവ പൊലീസ് ഉദ്യോ​ഗസ്ഥർ കണ്ടെടുത്തു. സിസിടിവി ക്യാമറകൾ ഓഫ് ചെയ്‌ത് ആസൂത്രിതമായാണ് ബേസ്‌മെന്റിലെ ലോക്കർ റൂമിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ പൂജാരി മോഷ്ടിച്ചതെന്ന് ഇൻസ്പെക്ടർ സലുങ്കെ പറഞ്ഞു. 2023 മുതൽ മോഷ്ടിച്ച വെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും ബേസ്‌മെന്റിലെ ഒരു സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

പൂജാരിയുടെ കൈയിൽ മാത്രമായിരുന്നു ലോക്കറിന്റെ താക്കോൽ. 15 വർഷമായി ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന മെഹുൽ റാത്തോഡ് ഇതുകൊണ്ടുതന്നെ മാനേജ്മെന്റിന്റെ വിശ്വാസവും ആർജിച്ചിരുന്നു. എന്നാൽ, മോഷണത്തിന് ശേഷം ശുചീകരണ തൊഴിലാളികളായ ദമ്പതികൾക്കൊപ്പം ഇയാളും അപ്രത്യക്ഷനായി- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഷറഫ് ബസാറിലെ വെള്ളി വ്യാപാരികളായ സഞ്ജയ്, റൗണക് എന്നിവരുമായി മെഹുൽ റാത്തോഡ് ഗൂഢാലോചന നടത്തി ഒത്തുകളിച്ചു. മോഷ്ടിച്ച വെള്ളി അവർക്ക് വിറ്റതായും കാണാതായ വസ്തുക്കൾ മറച്ചുവയ്ക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. അഞ്ച് പേരും നിലവിൽ കസ്റ്റഡിയിലാണ്. മോഷ്ടിച്ച ബാക്കി വെള്ളിയാഭരണങ്ങൾ വീണ്ടെടുക്കാനും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News