Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരോടുള്ള സമീപനത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും കർഷകർക്കാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു. അമ്പത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടി നീതീകരിക്കാൻ ആകാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിട്ട് പരോക്ഷ മറുപടി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയാറാണെന്നും പറഞ്ഞു. ദില്ലിയിൽ നടന്ന എം.എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കയുടെ ഉത്തരവിന് പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഉയർത്തുന്നത് ആലോചിക്കുന്നുണ്ട്. എന്നാൽ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സർക്കാർ മുതിരില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും. ഇതിന് ശേഷമാകും ഇന്ത്യയുടെ തുടർനടപടികൾ വ്യക്തമാവുക. യുഎസ് തീരുമാനം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.