പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്കൂട്ടറും വാഗ്ദാനം ചെയ്ത് പ്രിയങ്ക ഗാന്ധി

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനോട് സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടികളൊന്നും തയ്യാറല്ല. ഈ ദുസ്ഥിതി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രിയങ്ക ഗാന്ധി.

Update: 2021-10-21 08:42 GMT
Advertising

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഉന്നമിട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടുതൽ യാത്രകൾ സംഘടിപ്പിക്കുന്നു. സംഘടനാ സംവിധാനം പാടെ തകര്‍ന്ന കോൺഗ്രസിന്‍റെ ഉയർത്തെഴുന്നേൽപ്പാണ് ലക്ഷ്യം. അധികാരത്തിലെത്തിയാൽ ഡിഗ്രി വിദ്യാർഥികൾക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ് സ്ത്രീവോട്ടുകളിലാണ് കൂടുതൽ കണ്ണുവെക്കുന്നത്.

യു.പി നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് കേവലം ഏഴ് സീറ്റാണ്. ലോക്സഭയിലുള്ളത് ഒരേ ഒരു എംപി മാത്രം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനോട് സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടികളൊന്നും തയ്യാറല്ല. ഈ ദുസ്ഥിതി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രിയങ്ക ഗാന്ധി.

കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ മൂന്ന് ദിവസമാണ് യു.പി പൊലീസ് തടവില്‍ വെച്ചത്. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അരുണ്‍ വാത്മീകിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയും യോഗിയുടെ പൊലീസ് തടഞ്ഞു. പിന്‍മാറാന്‍ തയ്യാറല്ലെന്ന നിലപാടെടുത്തപ്പോഴാണ് രണ്ടിടത്തും പ്രിയങ്കക്ക് യാത്ര തുടരാനുള്ള അനുമതി നല്‍കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പാടേ തകര്‍ന്ന യുപിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഇതെല്ലാം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 40 ശതമാനം സ്ത്രീകളായിരിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചുകഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട് ഫോണും സ്കൂട്ടറും പ്രിയങ്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വനിതാ പൊലീസുകാര്‍ പോലും മത്സരിക്കുന്നതാണ് യുപിയിലെ മറ്റൊരു കാഴ്ച. പ്രിയങ്ക പകര്‍ന്ന ആവേശം വോട്ടായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News