യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?; പ്രിയങ്കാ ഗാന്ധിയുടെ മറുപടി ഇങ്ങനെ

ഒരു ദിവസം എന്തായാലും മത്സരിക്കേണ്ടി വരും, പക്ഷെ ഇതുവരെ തീരുമാനമെടുത്തിട്ടില്ല...എപ്പോൾ മത്സരിക്കുമെന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കാനില്ല. കാത്തിരുന്ന് കാണാം-പ്രിയങ്ക പറഞ്ഞു.

Update: 2021-10-19 14:00 GMT
Advertising

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിൽ നിന്നോ അമേത്തിയിൽ നിന്നോ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

ഒരു ദിവസം എന്തായാലും മത്സരിക്കേണ്ടി വരും, പക്ഷെ ഇതുവരെ തീരുമാനമെടുത്തിട്ടില്ല...എപ്പോൾ മത്സരിക്കുമെന്ന ചോദ്യത്തോട് ഇപ്പോൾ പ്രതികരിക്കാനില്ല. കാത്തിരുന്ന് കാണാം-പ്രിയങ്ക പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.പിയിൽ കോൺഗ്രസ് സ്ഥാനാർഥികളിൽ 40 ശതമാനവും വനിതകളായിരിക്കുമെന്ന് പ്രിയങ്ക ഇന്ന് പ്രഖ്യാപിച്ചിരുന്നു.

വനിതാ ശാക്തീകരണമാണ് ഞങ്ങളുടെ ലക്ഷ്യം. അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് വനിതാ ശാക്തീകരണം സാധ്യമാവുന്നത്. രാഷ്ട്രീയത്തിൽ അവസരം ലഭിക്കുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. സ്ത്രീകളുടെ അധികാര പങ്കാളിത്തം രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കോൺഗ്രസ് സ്ത്രീശാക്തീകരണമെന്ന വാഗ്ദാനം പാലിക്കാൻ പോവുകയാണ്-വാർത്താസമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.

യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 40 ശതമാനം സ്ഥാനാർഥികളും വനിതകളായിരിക്കും. ജാതിയുടേയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്ഥാനാർഥികളെ തെരഞ്ഞെടുക്കുക-പ്രിയങ്ക വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News