പ്രിയങ്ക റായ്ബറേലിയില്‍, രാഹുല്‍ വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

സോണിയ ഗാന്ധിയുടെ കുത്തക മണ്ഡലമാണ് റായ്ബറേലി. വയനാടിന് പുറമേയായിരിക്കും അമേഠിയില്‍ രാഹുല്‍ ജനവിധി തേടുക

Update: 2024-03-06 11:16 GMT
Editor : ദിവ്യ വി | By : Web Desk

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് തവണയായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കുത്തക മണ്ഡലമാണ് റായ്ബറേലി. വയനാടിന് പുറമേയായിരിക്കും അമേഠിയില്‍ രാഹുല്‍ ജനവിധി തേടുക.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതിന്റെ സൂചനകള്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. റായ്ബറേലി എം.പിയായിരുന്ന സോണിയ ഗാന്ധി കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് മാറിയത്. സോണിയയുടെ രാജ്യസഭാ മാറ്റത്തിനു പിന്നാലെ ഇവിടെ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായിരുന്നു. അതേസമയം റായ്ബറേലിയില്‍ പ്രിയങ്കയെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ റായ്ബറേലിയില്‍ ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2019 ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങിനെ 1.8 ലക്ഷത്തോളം വോട്ടിന്‌റെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി തോല്പിച്ചത്.

അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുന്നത് നിലവിലെ സിറ്റിങ് എം.പി സ്മൃതി ഇറാനിയാണ്. 2019ല്‍ 55000 വോട്ടിന്‌റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പിച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News