മാധ്യമ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കും

ആഗസ്റ്റ് 17ന് ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ ചുമത്തിയ യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

Update: 2023-10-04 01:23 GMT

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആർ മേധാവിയയെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം. റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം രാത്രിയോടെയാണ് എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ അറസ്റ്റിലായത്. സിപിഎം ജനറൽ സെക്രട്ടറി സീതരാം യെച്ചൂരിയുടെ വീട്ടിലടക്കം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

ആഗസ്റ്റ് 17ന് ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ ചുമത്തിയ യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും. മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടേയും വീടുകളിൽ രാജ്യവ്യാപക റെയ്ഡ് നടത്തിയതിൽ പ്രതിഷേധം പുകഞ്ഞുനിൽക്കവേയാണ് എഡിറ്ററും എച്ച്.ആർ ഹെഡും അറസ്റ്റിലായത്.

Advertising
Advertising

ഒമ്പത് വനിതകൾ ഉൾപ്പടെ 46 പേരുടെ വീടുകളിൽ പരിശോധന നടത്തുകയും ചോദ്യം ചെയ്തതിനും ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്കിന്റെ ഡൽഹി സാകേതിലെ ഓഫീസ് സീൽ ചെയ്തു. കർഷക സമരം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം തുടങ്ങിയ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്‌തുണ്ടോ എന്നാണ് അന്വേഷണ സംഘം മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. ‌‌പരംജോയ് ഥാകുർത്ത എന്ന മുതിർന്ന മാധ്യമപ്രവർത്തകനോട്, ന്യൂസ് ക്ലിക്കിനോട് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം.

30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷൽ സെല്ലിൻ്റെ റെയ്ഡ് നടന്നത്. രണ്ട് വിഭാഗങ്ങൾക്ക് ഇടയിൽ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയ ശേഷമായിരുന്നു റെയ്ഡ്. ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ ചൈനീസ് ഫണ്ടിങ് ആരോപണം ഉയർന്നതാണ് റെയ്ഡിനു പിന്നിൽ.

റെയ്ഡ് നടന്ന ഇടങ്ങളിൽ നിന്നെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇഡിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അന്വേഷണം ഏറ്റെടുത്തതും റെയ്ഡ് നടത്തിയതും. അതേസമയം, മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപെടുത്താൻ ഡൽഹി പ്രെസ് ക്ലബ് ഓഫ് ഇന്ത്യയിൽ ചേർന്ന മാധ്യമപ്രവർത്തകരുടെ യോഗം തീരുമാനിച്ചു.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News