അടിയന്തരമായി പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി വിളിക്കണം; സോണിയാ ഗാന്ധിക്ക് ഗുലാം നബി ആസാദിന്റെ കത്ത്

പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടു മന്ത്രിമാരും പി.സി.സി ട്രഷററും രാജിവെച്ചു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചത്.

Update: 2021-09-29 12:33 GMT

അടിയന്തരമായി പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനാണ് അടിയന്തരമായി യോഗം ചേരണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടു മന്ത്രിമാരും പി.സി.സി ട്രഷററും രാജിവെച്ചു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡുമായി ആലോചിക്കാതെ സിദ്ദു രാജിവെച്ചതില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ സിദ്ദുവിനെ അനുനയിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

Advertising
Advertising

അതിനിടെ പഞ്ചാബ് പ്രതിസന്ധിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി പുകയുകയാണ്. ഹൈക്കമാന്‍ഡിലെ ചില നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നാണ് ആക്ഷേപം. മുതിര്‍ന്ന നേതാവ് കപില്‍ സിബലും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടിക്ക് ഒരു പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നറിയില്ല. പാര്‍ട്ടി നേതൃത്വം മിത്രങ്ങളായി കരുതിയവര്‍ പാര്‍ട്ടി വിട്ടുപോവുകയാണ്. എന്നാല്‍ ശത്രുക്കളായി കരുതിയവരാണ് ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. വി.എം സുധീരന്റെ രാജി അടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശം.

പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 മുതിര്‍ന്ന നേതാക്കളില്‍ പെട്ടവരാണ് കപില്‍ സിബലും ഗുലാം നബി ആസാദും. ഈ നേതാക്കളോട് രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ബി.ജെ.പിയിലേക്ക് ചേക്കേറിയത് പരോക്ഷമായി സൂചിപ്പിച്ചാണ് കപില്‍ സിബലിന്റെ വിമര്‍ശനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News