മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണിൽക്കെട്ടിയിട്ട് തല്ലിക്കൊന്നു, മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ

വെള്ളിയാഴ്ചയാണ് മണിമാരന്‍റെ മൃതദേഹം വീട്ടുകാര്‍ കണ്ടെടുത്തത്

Update: 2025-10-11 08:31 GMT
Editor : Lissy P | By : Web Desk

Photo | Express

ചെന്നൈ: തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു. ചെങ്കൽപ്പട്ടിനടുത്തുള്ള നല്ലൂർ പഞ്ചായത്തിലെ മണിമാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്വകാര്യ പ്ലാസ്റ്റിക് കസേര നിർമ്മാണ യൂണിറ്റിലെ തൊഴിലാളികളാണ് 26 കാരനെ കൊലപ്പെടുത്തിയത്. റെഡ് ഹിൽസിനടുത്തുള്ള കമ്പനി പരിസരത്ത് ആക്രി പെറുക്കാനെത്തിയതായിരുന്നു മണിമാരന്‍.

എന്നാല്‍ ഇയാള്‍മോഷണം നടത്തുകയാണെന്നാരോപിച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് തൊഴിലാളികള്‍ ഇയാളെ പിടികൂടി ഇരുമ്പ് തൂണിൽ കെട്ടിയിട്ടത്. കൂടാതെ ജീവനക്കാര്‍ ഇരുമ്പ് വടികൊണ്ട് മർദിക്കുകയും മൃതദേഹം അടുത്തുള്ള ഒരു കനാലിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കമ്പനി ഉടമ ഖലീൽ ഉൽ റഹ്മാൻ, തൊഴിലാളി സയ്യിദ് ഫാറൂഖ് എന്നിവരെ റെഡ് ഹിൽസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

Advertising
Advertising

വെള്ളിയാഴ്ചയാണ് മണിമാരന്‍റെ മൃതദേഹം വീട്ടുകാര്‍ കണ്ടെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കമ്പനിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.തുടര്‍ന്നാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

മണിമാരൻ പത്ത് ദിവസം മുമ്പ് കമ്പനിയിൽ മോഷണം നടത്തിയെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ  തൊഴിലാളികൾ മുന്നറിയിപ്പ് നൽകി വിട്ടയക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവാവ് വ്യാഴാഴ്ച രാത്രിയിൽ വീണ്ടും പിടിക്കപ്പെട്ടു, തൊഴിലാളികൾ കമ്പനിക്ക് പുറത്തുള്ള  തൂണിൽ കെട്ടിയിട്ട് ആക്രമിച്ചു. അയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാത്രി തന്നെ തൊഴിലാളികൾ അയാളുടെ മൃതദേഹം അടുത്തുള്ള  കനാലിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും  ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News