കശ്മീരിൽ ഭാരത് ജോഡോ യാത്രയിൽ മഴക്കോട്ടിട്ട് രാഹുൽ ​ഗാന്ധി; മഴ മാറിയതോടെ ഊരിമാറ്റി

തണുപ്പ് അനുഭവപ്പെട്ടാൽ കൂടുതൽ വസ്ത്രം ധരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടും തണുപ്പുള്ള കശ്മീരിലെത്തിയിട്ടും ഒരു ജാക്കറ്റ് പോലും അദ്ദേഹം ധരിച്ചിട്ടില്ല.

Update: 2023-01-20 09:40 GMT

ശ്രീന​ഗർ: കോൺ​ഗ്രസ് നേതാവ് നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിൽ പ്രവേശിച്ചു. ശക്തിയേറിയ തണുപ്പായിട്ടും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ടി-ഷർട്ട് മാത്രമാണ് രാഹുൽ നയിച്ചിരുന്നത്. എന്നാൽ യാത്ര പഞ്ചാബിൽ നിന്നും കശ്മീരിലേക്ക് കടന്നതോടെ അതിൽ താൽക്കാലികമായൊരു മാറ്റമുണ്ടായി. ഒരു മഴക്കോട്ടാണ് ടി-ഷർട്ടിന് മുകളിൽ രാഹുൽ ധരിച്ചത്.

യാത്രയ്ക്കിടെ മഴ പെയ്തതോടെയാണ് വെള്ള ടി- ഷർട്ടിന് മുകളിൽ ഒരു മഴക്കോട്ടും ധരിച്ച് രാഹുലും ജാക്കറ്റ് ധരിച്ച് കെ.സി വേണു​ഗോപാൽ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും നടന്നത്. എന്നാൽ മഴ മാറിയതോടെ ഉടൻ തന്നെ ജാക്കറ്റ് ഊരി മറ്റൊരു നേതാവിന്റെ കൈയിൽ കൊടുക്കുന്ന രാഹുൽ ​ഗാന്ധിയെയാണ് പിന്നീട് കാണാനായത്.

Advertising
Advertising

ഇതിന്റെ വീഡിയോ മാധ്യമ പ്രവർത്തക സുപ്രിയ ഭരദ്വാജ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 'മഴ മാറി, മഴക്കോട്ട് പോയി' എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയയുടെ ട്വീറ്റ്. ഇതുവരെയുള്ള 125 ദിവസത്തെ യാത്രയിൽ 3,400 കിലോമീറ്ററുകൾ പിന്നിട്ട രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണ രീതിയെ പ്രശംസിച്ച് പലരും രം​ഗത്തെത്തിയിരുന്നു.

തണുപ്പ് അനുഭവപ്പെട്ടാൽ കൂടുതൽ വസ്ത്രം ധരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടും തണുപ്പുള്ള കശ്മീരിലെത്തിയിട്ടും ഒരു ജാക്കറ്റ് പോലും അദ്ദേഹം ധരിച്ചിട്ടില്ല. അതേസമയം, ഇന്നത്തെ യാത്ര രാത്രി ചഡ്വാളിലാണ് അവസാനിക്കുക. നാളെ രാവിലെ ഹിരാനഗറിൽ നിന്ന് ദുഗ്ഗർ ഹവേലി വരെയും ജനുവരി 22ന് വിജയ്പൂരിൽ നിന്ന് സത്വാരി വരെയും നടക്കും.

ഇന്ന് രാവിലെ കത്വയിലെ ഹത്‌ലി മോറിൽ നിന്ന് പുനരാരംഭിച്ച യാത്രയ്ക്ക് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റേയും വലയത്തിലായിരുന്നു രാഹുലിന്റേയും നേതാക്കളുടേയും യാത്ര. കൂടാതെ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ചില സ്ഥലങ്ങളിലൂടെ നടക്കരുതെന്ന് സുരക്ഷാ ഏജൻസികൾ രാഹുലിനോട് നിർദേശിച്ചിട്ടുണ്ട്.

സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര കാറിലാക്കണമെന്നാണ് സുരക്ഷാ ഏജൻസികൾ നിർദേശം നൽകിയത്. രാഹുല്‍ ശ്രീനഗറില്‍ ആയിരിക്കുമ്പോള്‍ ചുരുക്കം ആളുകള്‍ മാത്രമേ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാവൂ എന്നും സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുലിനൊപ്പം ഒമ്പത് കമാന്‍ഡോകളാണ് ഉള്ളത്.

യാത്ര ജനുവരി 25ന് ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബനിഹാലിൽ എത്തുമ്പോൾ ദേശീയ പതാക ഉയർത്തും. രണ്ട് ദിവസത്തിന് ശേഷം അനന്ത്നാഗ് വഴി ശ്രീനഗറിലേക്ക് പ്രവേശിക്കുന്ന യാത്ര 30നാണ് സമാപിക്കുക. സമാപന സമ്മേളനത്തിൽ വിവിധ പ്രതിപക്ഷ നേതാക്കളും സംബന്ധിക്കുന്നുണ്ട്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News