ഗുജറാത്തിൽ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത് 4,300 കോടി; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുമോയെന്ന് രാഹുൽ ഗാന്ധി

2019-2024 കാലയളവിലാണ് 10 അജ്ഞാത പാർട്ടികൾക്ക് 4,300 കോടി രൂപ സംഭാവനയായി ലഭിച്ചത്

Update: 2025-08-28 11:21 GMT

ഡൽഹി: അഞ്ച് വർഷത്തിനിടെ ഗുജറാത്തിലെ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത് 4,300 കോടി രൂപ. ഈ പണം എവിടെ നിന്ന് വന്നുവെന്നും ആരാണ് ഈ രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നതെന്നും അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുമോയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.

2019-2024 കാലയളവിൽ നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലുമായി 43 സ്ഥാനാർഥികളാണ് ഈ പാർട്ടികളുടെ ടിക്കറ്റിൽ മത്സരിച്ചത്. 54,000 വോട്ടാണ് ഇവർ ആകെ നേടിയത്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിൽ 39 ലക്ഷം രൂപയാണ് ഇവർ ചെലവായി കാണിച്ചത്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടിൽ 35,00 കോടി രൂപയാണ് ചെലവ് കാണിക്കുന്നത്. സംഭാവനായി 4,300 കോടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising

''ഗുജറാത്തിലെ ചില അജ്ഞാത പാർട്ടികൾക്ക് 4,300 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. എന്നാൽ അവരുടെ പേര് ആരും കേട്ടിട്ടില്ല. വളരെ പരിമിതമായി മാത്രമാണ് അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പണം ചെലവഴിക്കുകയും ചെയ്തത്. എവിടെ നിന്നാണ് ഈ ആയിരക്കണക്കിന് കോടി രൂപ വന്നത്? ആരാണ് ഈ പാർട്ടികളുടെ പിന്നിൽ പ്രവർത്തിക്കുന്നത്? എവിടേക്കാണ് ഈ പണം പോകുന്നത്? ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുമോ, അല്ലെങ്കിൽ ഒരു അഫിഡവിറ്റ് നൽകാൻ ആവശ്യപ്പെടുമോ? അതോ ഈ വിവരവും മറച്ചുവെക്കാൻ പറ്റുന്ന രീതിയിൽ അവർ സ്വയം നിയമത്തിൽ മാറ്റം വരുത്തുമോ?''- രാഹുൽ എക്‌സിൽ കുറിച്ചു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News