'വേദിയിൽ ഡാൻസ് ചെയ്യാൻ പറഞ്ഞുനോക്കൂ, വോട്ടിന് വേണ്ടി മോദി അതും ചെയ്യും'; പരിഹസിച്ച് രാഹുൽ ഗാന്ധി

ഭരണഘടനയെ ആക്രമിക്കുകയും മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടുകൾ മോഷ്ടിക്കുകയും ചെയ്തവർ ബിഹാറിലും അത് ചെയ്യാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു

Update: 2025-10-29 11:24 GMT

Rahul Gandhi | Photo | X

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും ആവശ്യപ്പെട്ടാൽ അദ്ദേഹം വേദിയിൽ ഡാൻസ് കളിക്കുമെന്നും രാഹുൽ പരിഹസിച്ചു. മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവും റാലിയിൽ പങ്കെടുത്തു.

ബിജെപിയും എൻഡിഎയും സാമൂഹ്യനീതിക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ ആക്രമിക്കുകയും മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടുകൾ മോഷ്ടിക്കുകയും ചെയ്തവർ ബിഹാറിലും അത് ചെയ്യാൻ ശ്രമിക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെ ബിജെപി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

Advertising
Advertising

ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണ് പ്രധാനമന്ത്രിയും ആർഎസ്എസും ശ്രമിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭിച്ച എല്ലാ അവകാശങ്ങൾക്കും കാരണം ഭരണഘടനയാണ്. ബിഹാറിലെ യുവാക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി മഹാസഖ്യം നിലകൊള്ളും. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 66 ലക്ഷം ആളുകളെയാണ് വെട്ടിമാറ്റിയത്. ബിഹാർ ജനതയുടെ ശബ്ദമാകുന്ന ഒരു സർക്കാർ രൂപീകരിക്കപ്പെടാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതാണ് എസ്‌ഐആർ ലക്ഷ്യമിടുന്നത്. എല്ലാ മത, ജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരെയും ഉൾക്കൊള്ളുന്ന സർക്കാരാണ് മഹാസഖ്യം രൂപീകരിക്കുക. ഒരാളെയും തങ്ങൾ ഒഴിവാക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ തകർത്തുവെന്ന് രാഹുൽ പറഞ്ഞു. ചൈനയിൽ നിർമിച്ച ഫോണുകളാണ് ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്നത്. ഇനി എല്ലാ ബിഹാറിൽ നിർമിക്കുന്നതാവണം. മൊബൈലുകൾ, ഷർട്ടുകൾ, പാന്റുകൾ എല്ലാം...അങ്ങനെ ബിഹാറിലെ യുവാക്കൾക്ക് ജോലി ലഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News