'ഞാന്‍ നിരപരാധി, കള്ളക്കേസില്‍ കുടുക്കി'; മേഘാലയ ഹണിമൂണ്‍ കൊലക്കേസ് പ്രതി സുപ്രിംകോടതിയില്‍

ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി, കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക്

Update: 2026-07-10 06:32 GMT

ന്യൂഡല്‍ഹി: മേഘാലയിലെ ഹണിമൂണ്‍ ആഘോഷത്തിനിടയില്‍ വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് മുഖ്യപ്രതിയും രാജാ രഘുവംശിയുടെ ഭാര്യയുമായ സോനം രഘുവംശി സുപ്രിംകോടതിയില്‍. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും സോനം കോടതിയില്‍ പറഞ്ഞു. വെറും സംശയങ്ങളുടേയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രം തനിക്കെതിരെ ചുമത്തിയ കേസാണിതെന്നും അവര്‍ കോടതിയെ അറിയിച്ചു.

മേഘാലയ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ സര്‍ക്കാര്‍ ഹരജി നല്‍കിയിരുന്നു. ഹരജിയെ എതിര്‍ത്ത് സോനം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സോനത്തിനെതിരായ എഫ്‌ഐആറിലും അറസ്റ്റ് രേഖകളിലും വകുപ്പുകള്‍ മാറിപ്പോയതടക്കമുള്ള വലിയ പിശകുകള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മേഘാലയയിലെ വിചാരണ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നത്. പിന്നീട് മേഘാലയ ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Advertising
Advertising

അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് തന്നെ കൃത്യമായി അറിയിച്ചിരുന്നില്ലെന്നും തനിക്ക് നിയമസഹായം നിഷേധിക്കപ്പെട്ടെന്നും സോനം സുപ്രിംകോടതിയില്‍ വാദിച്ചു. എന്നാല്‍, മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ എന്തുകൊണ്ട് കീഴ്‌ക്കോടതികളില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ലെന്ന് സുപ്രിംകോടതി ചോദിച്ചു. എന്നാല്‍ ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നും എഫ്‌ഐആറിലും അറസ്റ്റ് രേഖകളിലും വകുപ്പുകള്‍ മാറിപ്പോയത് കാരണമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും മേഘാലയ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

അറസ്റ്റ് നടപടികളിലെ പിഴവ് ജാമ്യം അനുവദിക്കാന്‍ പര്യാപ്തമാകുമോയെന്നത് പരിശോധിക്കാന്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വിടുന്ന കാര്യം ആലോചിക്കാമെന്നും സുപ്രിംകോടതി വാദത്തിനിടെ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവര്‍ ഇതിനകം ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍ നിലവില്‍ അതില്‍ ഇടപെടുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

രാജാ രഘുവംശി കൊലക്കേസ്

2025 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മേഘാലയയിലേക്കുള്ള മധുവിധു യാത്രയ്ക്കിടെയായിരുന്നു ഇന്‍ഡോറില്‍ നിന്നുള്ള വ്യവസായിയായ രാജാ രഘുവംശി കൊല്ലപ്പെടുന്നത്. സോഹ്റയിലെ വൈസാവ്ഡോങ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ഒരു മലയിടുക്കില്‍ നിന്നായിരുന്നു രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തത്. ഭാര്യ സോനവും കാമുകന്‍ രാജ് കുശ്വാഹയുമായും ചേര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് രാജയെ കൊലപ്പെടുത്തിയതാണെന്നാണ് മേഘാലയ പൊലീസ് കണ്ടെത്തിയത്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News