'കോൺഗ്രസ് വിട്ടവര്‍ക്ക് എന്തുസംഭവിച്ചെന്ന് ഓര്‍മ വേണം': സച്ചിന്‍ പൈലറ്റിന് താക്കീതുമായി രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം

നേതാക്കളുടെ തർക്കത്തിൽ മല്ലികാർജുൻ ഖാർഗെ ഇടപെടും

Update: 2023-05-21 01:25 GMT
Advertising

ജയ്പൂര്‍: കോൺഗ്രസ് വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ സച്ചിൻ പൈലറ്റിന് താക്കീതുമായി രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം. രാജസ്ഥാൻ സ്റ്റേറ്റ് ഇൻ ചാർജ് സുഖ്ജിന്ദർ സിങ് രൺധാവെയാണ് സച്ചിന്‍റെ നീക്കങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്. എതിരഭിപ്രായം പറയുന്നവരെ പാർട്ടി പുറത്താക്കാറില്ലെന്നും എന്നാൽ കോൺഗ്രസ് വിട്ട് പോയവർക്ക് എന്ത് സംഭവിച്ചെന്നു ഓർക്കണമെന്നും രണ്‍ധാവെ മുന്നറിയിപ്പ് നൽകി-

"പാർട്ടി ഒരിക്കലും ആരെയും പുറത്താക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ദീർഘകാലം കൂടെയുള്ളവര്‍ വിട്ടുപോകുന്നത് ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് ആരെയും പുറത്താക്കിയിട്ടില്ല. കോൺഗ്രസ് വിട്ടവരുടെ അവസ്ഥ എന്തെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം"- ആരുടെയും പേര് പറയാതെയായിരുന്നു വിമര്‍ശനം.

സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള മിഷൻ പൈലറ്റ് ദൗത്യവുമായി ജയ്പൂരിൽ എത്തിയ രൺധാവെ അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. കർണാടക തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും അവസാനിച്ച സാഹചര്യത്തിൽ നേതാക്കളുടെ തർക്കത്തിൽ നേരിട്ട് ഇടപെടാൻ ഒരുങ്ങുകയാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

അഴിമതിക്കെതിരെയെന്ന പേരില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ പദയാത്ര സംഘടിപ്പിച്ചിരുന്നു. യാത്രക്കൊടുവില്‍ ഗെഹ്‍ലോട്ട് സര്‍ക്കാരിന് സച്ചിന്‍ പൈലറ്റ് അന്ത്യശാസനം നല്‍കി. വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതിയില്‍ മെയ് അവസാനിക്കും മുന്‍പ് അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News