'മുല്ലപ്പെരിയാർ ഡാമിനെ സുരക്ഷിതമല്ലാത്തതായി ചിത്രീകരിക്കുന്നു'; എമ്പുരാന് തമിഴ്നാട്ടിൽ വിലക്കേർപ്പെടുത്തണമെന്ന് വൈകോ
രണ്ട് വ്യത്യസ്ത രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം വേണമെന്ന് വൈകോ ആവശ്യപ്പെട്ടത്.
ചെന്നൈ: സംഘ്പരിവാർ ഗ്രൂപ്പുകളിൽനിന്ന് എമ്പുരാൻ സിനിമയ്ക്കെതിരെയും താരങ്ങൾക്കെതിരെയും ആക്രമണം തുടരവെ, ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവും രാജ്യസഭാ എംപിയുമായ വൈകോ. മുല്ലപ്പെരിയാർ അണക്കെട്ടിനെ സുരക്ഷിതമല്ലാത്തതായി ചിത്രീകരിച്ചെന്നാരോപിച്ചാണ് വൈകോയുടെ ആവശ്യം.
രണ്ട് വ്യത്യസ്ത രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം വേണമെന്ന് വൈകോ ആവശ്യപ്പെട്ടത്. ഒരു രംഗത്തിൽ, 999 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകാനുള്ള കരാറിൽ ഒപ്പിടാൻ തിരുവിതാംകൂർ രാജാവിനെ ബ്രിട്ടീഷുകാർ ഭീഷണിപ്പെടുത്തുന്നതായും മറ്റൊന്നിൽ, നെടുമ്പള്ളി എന്ന സ്ഥലത്തിനടുത്തുള്ള അണക്കെട്ട് ബോംബ് ഉപയോഗിച്ച് നശിപ്പിക്കാൻ നിർദേശിക്കുന്നതായും വൈകോ പറഞ്ഞു.
'ബ്രിട്ടീഷുകാർ പോയെങ്കിലും രാജാവ് പോയെങ്കിലും അണക്കെട്ട് കേരളത്തെ നശിപ്പിക്കുമെന്ന് നാല് വ്യത്യസ്ത രംഗങ്ങളിലെ സംഭാഷണങ്ങൾ പറയുന്നു'- വൈകോ ആരോപിച്ചു. ചെക്ക് ഡാമുകളുടെ സുരക്ഷയെ സിനിമ പൂർണമായും അവഗണിച്ചുവെന്ന് വൈകോ ആരോപിച്ചു. സുപ്രിംകോടതി നിയമിച്ച വിദഗ്ദ്ധ സമിതി അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും എന്നാൽ നേട്ടം കൊയ്യാനായി എമ്പുരാൻ റിലീസിലൂടെ കേരളത്തിലെ ജനങ്ങൾക്കിടയിൽ അണക്കെട്ടിനെക്കുറിച്ച് ഭയം സൃഷ്ടിക്കാൻ നിർമാതാക്കൾ ഉദ്ദേശിച്ചിരുന്നുവെന്നും വൈകോ ആരോപിച്ചു.
നേരത്തേ, എമ്പുരാൻ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു എന്നാരോപിച്ച തമിഴ്നാട്ടിലെ ഒരു വിഭാഗം കർഷകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കമ്പത്ത് പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിയേറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
സിനിമയില്‍ സാങ്കല്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും കര്‍ഷക സംഘടന മുന്നറിയിപ്പ് നല്‍കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമര്‍ശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗം ആരോപിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമര്‍ശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'നെടുമ്പള്ളി ഡാം എന്നാണ് സിനിമയില്‍ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാല്‍ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. തടയണകള്‍ ഉപയോഗശൂന്യമാണെന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണം'- ബാലസിംഗം പറഞ്ഞു.
സംഘ്പരിവാർ ഗ്രൂപ്പുകളിൽ നിന്നും നേതാക്കളിൽ നിന്നും സോഷ്യൽമീഡിയയിലൂടെയും മറ്റും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് എമ്പുരാനിൽ നിന്ന് 24 ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. തുടർന്ന് പുതിയ പതിപ്പ് റിലീസ് ചെയ്തു. 24 വെട്ടിനു ശേഷം സിനിമയുടെ ദൈര്‍ഘ്യം 179.52 മിനിറ്റില്‍ നിന്ന് 177.44 മിനിറ്റായി കുറഞ്ഞു. മൊത്തം 2.08 മിനിറ്റ് വരുന്ന 24 സീനുകളാണ് വെട്ടിമാറ്റിയത്. വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രകഥാപാത്രമായ മോഹൻലാൽ തന്നെ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു കടുംവെട്ട്.
ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് താരം പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്തം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ എല്ലാവരുടേതുമാണെന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞെന്നും മോഹൻലാൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാർ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്.