സംവിധായകൻ രാംഗോപാൽ വർമ രാഷ്ട്രീയത്തിലേക്ക്; ബി.ജെ.പി സഖ്യ സ്ഥാനാർഥി പവൻ കല്യാണിനെതിരെ മത്സരിക്കും

ആന്ധ്രാപ്രദേശിലെ പിഠാപുരത്ത് മത്സരിക്കുമെന്നാണു പ്രഖ്യാപനം

Update: 2024-03-14 12:40 GMT
Editor : Shaheer | By : Web Desk
Advertising

അമരാവതി: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ രാംഗോപാൽ വർമ(ആർ.ജി.വി) രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ പിഠാപുരത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പിഠാപുരത്ത് ടി.ഡി.പി-ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനാർഥിയായി തെലുഗ് നടൻ പവൻ കല്യാണിനെ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് രാംഗോപാലിന്റെ സർപ്രൈസ്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പെട്ടെന്നുണ്ടായ തീരുമാനമാണെന്ന് രാംഗോപാൽ വർമ പറഞ്ഞു. പിഠാപുരത്ത് മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പാർട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചുമൊന്നും ആർ.ജി.വി വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാംഗോപാൽ വർമയുടെ തെലുഗ് ചിത്രം 'വ്യൂഹം' ആന്ധ്രയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രമേയമായിരുന്നു സിനിമയുടേത്. മാനസ രാധാകൃഷ്ണനും അജ്മൽ അമീറും സുരഭി പ്രഭാവതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ റിലീസിനു പിന്നാലെ ആർ.ജി.വിക്കെതിരെ വിലക്കേർപ്പെടുത്തണമെന്ന തരത്തിൽ മുറവിളികളുയർന്നിരുന്നു. ടി.ഡി.പി നേതാക്കളായ ചന്ദ്രബാബു നായ്ഡു, നരാ ലോകേഷ്, നടനും ജനസേനാ പാർട്ടി(ജെ.എസ്.പി) തലവനുമായ പവൻ കല്യാൺ എന്നിവരെല്ലാം സിനിമയ്ക്കും സംവിധായകനുമെതിരെ രംഗത്തെത്തിയിരുന്നു.

1990ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചിത്രം 'ശിവ'യിലൂടെയാണ് രാംഗോപാൽ ശ്രദ്ധ നേടുന്നത്. രംഗീല(1995), സത്യ(1998), ഭൂട്ട്(2003), കമ്പനി(2002), സർക്കാർ(2005) എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

Summary: Ram Gopal Varma announces his entry into politics, to contest against Telugu Desam Party-Bharatiya Janata Party-Jena Sena alliance caniddate Pawan Kalyan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News