ഡൽഹി: 65 വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മോദി സർക്കാറിനെ തുറന്നുകാണിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളെല്ലാം ഇപ്പോൾ പാർലമെന്ററി വിരുദ്ധമായി പ്രഖ്യാപിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'സത്യം' എന്ന വാക്കും അൺപാർലമെന്ററിയാണോ എന്നായിരുന്നു തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ ചോദ്യം.
''സത്യവും അൺപാർലമെന്ററിയാണോ? വാർഷിക ലിംഗ വ്യത്യാസ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ആരോഗ്യ അതിജീവന ഉപസൂചികയിൽ ഏറ്റവും കുറവായ 145 ആണ്. ലിംഗ വ്യത്യാസം അഞ്ച് ശതമാനത്തേക്കാൾ കുറഞ്ഞ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ''-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഇപ്പോൾ വിലക്കിയിരിക്കുന്നതും പ്രധാനമന്ത്രി സർക്കാറിനെ കൈകാര്യം ചെയ്യുന്നതിനെ കൃത്യമായി വിശദീകരിക്കുന്നതുമായ വാക്കുകളാണ് അൺപാർലമെന്ററിയുടെ പുതിയ അർഥമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെയുള്ള വാക്കുകളാണ് പാർലമെന്റിൽ വിലക്കിയത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയത്.