ഗ്യാനേഷ് കുമാറിനെതിരായ ഹരജി: ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും പിന്മാറണമെന്ന് സിജെപി
എസ്ഐആർ പ്രക്രിയ പശ്ചിമ ബംഗാളിലും ബിഹാറിലും തടസ്സങ്ങളൊന്നുമില്ലാതെ നടപ്പിലാക്കുന്നു എന്ന് പറഞ്ഞത് ഈ ജഡ്ജിമാരാണെന്നാണ് സൗരവ് ദാസിന്റെ ആരോപണം
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹരജി പരിഗണിക്കുന്നതിൽനിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും മാറിനിൽക്കണമെന്ന് സിജെപി നേതാവ് സൗരവ് ദാസ്. എസ്ഐആർ പ്രക്രിയ പശ്ചിമ ബംഗാളിലും ബിഹാറിലും തടസ്സങ്ങളൊന്നുമില്ലാതെ നടപ്പിലാക്കുന്നു എന്ന് പറഞ്ഞത് ഈ ജഡ്ജിമാരാണെന്നാണ് സൗരവ് ദാസിന്റെ ആരോപണം.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളും യുവതലമുറയായ ജെൻ സിയുടെ വോട്ടവകാശങ്ങളും കവർന്നെടുക്കുന്നതിൽ സുപ്രിംകോടതിയും പങ്കാളിയാവുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്ര സർക്കാർ അട്ടിമറി, രാഷ്ട്രീയ പാർട്ടികളുടെ പിളർപ്പ്, ഡൽഹി ഭരണഘടനാ പ്രതിസന്ധി എന്നിവയുമായി ബന്ധപ്പെട്ട നിർണായക ഹരജികളിൽ യഥാസമയം വാദം കേൾക്കുകയോ അന്തിമ തീരുമാനമെടുക്കുകയോ ചെയ്യാതിരുന്നതിലൂടെ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുങ്ങുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം നടപടികൾ ജുഡീഷ്യറിയുടെ ചരിത്രത്തിലെ വലിയ കളങ്കമാണെന്ന് സൗരവ് ദാസ് ആരോപിച്ചു. സുപ്രിംകോടതി ബെഞ്ചിന് അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാം. എന്നാൽ പൊതുജനങ്ങളുടെ കണ്ണിൽ അതിന് യാതൊരു തരത്തിലുള്ള വിശ്വസ്തതയോ വിശ്വാസ്യതയോ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.