ഒക്ടോബർ ആറ് മുതൽ വിമാന ഇന്ധന വില ഉയർത്താൻ ഇൻഡി​ഗോ; ടിക്കറ്റ് നിരക്കിനെ ബാധിക്കുന്നത് ഇങ്ങനെ

വിമാന ഇന്ധനവിലയിൽ സമീപകാലത്തുണ്ടായ വൻ വർധനവാണ് ഈ തീരുമാനത്തിന് പിന്നിൽ

Update: 2026-10-05 17:08 GMT

ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഇന്ധന സർചാർജിൽ ഗണ്യമായ വർധനവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 2026 ഒക്ടോബർ ആറ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക് ശേഷം നടത്തുന്ന എല്ലാ ടിക്കറ്റ് ബുക്കിങ്ങുകൾക്കും പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും. വിമാന ഇന്ധനവിലയിൽ സമീപകാലത്തുണ്ടായ വൻ വർധനവാണ് ഈ തീരുമാനത്തിന് പിന്നിൽ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി വിമാന ഇന്ധനവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഒരു മാസത്തിനിടെ മാത്രം എടിഎഫ് വിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ധനവില ഉയർന്നതെന്നും, ഇത് പ്രവർത്തനച്ചെലവ് വലിയ തോതിൽ വർധിപ്പിച്ചതിനാലാണ് സർചാർജ് കൂട്ടാൻ നിർബന്ധിതരായതെന്നും കമ്പനി വിശദീകരിച്ചു. മാർച്ചിൽ ഏർപ്പെടുത്തിയ സർചാർജിൽ ഏപ്രിലിന് ശേഷം വരുത്തുന്ന രണ്ടാമത്തെ വർധനവാണിത്.

Advertising
Advertising

ആഭ്യന്തര വിമാന സർവീസുകളിലെ പുതുക്കിയ നിരക്കുകൾ

ദൂരത്തിനനുസരിച്ച് 100 രൂപ മുതൽ 350 രൂപ വരെയുള്ള വർധനവാണ് ആഭ്യന്തര സർവീസുകളിലെ ഇന്ധന സർചാർജിൽ വരുത്തിയിട്ടുള്ളത്. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് പുതുക്കിയ ഇന്ധന സർചാർജ് നിരക്കുകൾ താഴെ പറയുന്ന വിധമാണ്:

  • 500 കിലോമീറ്റർ വരെ: 375 രൂപ
  • 501 മുതൽ 1,000 കിലോമീറ്റർ വരെ: 600 രൂപ
  • 1,001 മുതൽ 1,500 കിലോമീറ്റർ വരെ: 900 രൂപ
  • 1,501 മുതൽ 2,000 കിലോമീറ്റർ വരെ: 1,150 രൂപ
  • 2,000 കിലോമീറ്ററിന് മുകളിൽ: 1,300 രൂപ

അന്താരാഷ്ട്ര വിമാന സർവീസുകളിലെ നിരക്കുകൾ

വിദേശ സർവീസുകൾക്കും ഇന്ധന സർചാർജ് വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗൾഫ് സെക്ടറുകൾക്കും ഇത് ബാധകമാണ്.

  • സൗത്ത് ഈസ്റ്റ് ഏഷ്യ, ജിസിസി, നോർത്ത് & ഈസ്റ്റ് ഏഷ്യ: 5,500 രൂപ
  • സാർക്ക് രാജ്യങ്ങൾ: 1,000 രൂപ മുതൽ 3,000 രൂപ വരെ
  • ആഫ്രിക്ക: 6,000 രൂപ
  • യൂറോപ്പ് സർവീസുകൾ: 10,000 രൂപ

ഇൻഡിഗോയുടെ ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും യാത്രാച്ചെലവ് കുതിച്ചുയരാൻ ഇത് കാരണമാകും. ഗൾഫ് രാജ്യങ്ങളിലേക്ക് 5,500 രൂപയും യൂറോപ്പിലേക്ക് 10,000 രൂപയും ഇന്ധന സർചാർജ് ഏർപ്പെടുത്തുന്നത് കുടുംബമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാകും. നാട്ടിൽ വന്ന് മടങ്ങുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഇത് ഇരുട്ടടിയാണ്. ഇന്ത്യയ്ക്കുള്ളിൽ സ്ഥിരമായി ജോലി ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യുന്നവർക്ക് ഓരോ ടിക്കറ്റിലും 375 മുതൽ 1,300 രൂപ വരെ അധികമായി നൽകേണ്ടിവരും.

വിപണിയിലെ ഭൂരിഭാഗം വിഹിതവും കൈവശമുള്ള ഇൻഡിഗോ സർചാർജ് കൂട്ടിയതോടെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വിമാന യാത്രാമേഖലയെ മൊത്തത്തിൽ ചെലവേറിയതാക്കും. ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നത് താങ്ങാനാവാത്ത സാഹചര്യത്തിലാണ് നിരക്ക് വർധനവെന്നാണ് എയർലൈന്റെ വിശദീകരണമെങ്കിലും, വിമാനയാത്ര പ്ലാൻ ചെയ്യുന്ന സാധാരണക്കാരുടെ ബജറ്റിനെ ഈ നിരക്കുവർധനവ് കാര്യമായി തന്നെ ബാധിക്കും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News