ഫോം 6 മാറ്റത്തിന് അനുമതി നൽകിയിട്ടില്ല; ഗ്യാനേഷ് കുമാറിൻ്റെ വാദം തള്ളി സുപ്രിംകോടതി; തെര. കമ്മീഷന് നോട്ടീസ്

ഫോം 6 ൽ ആരാണ് മാറ്റങ്ങൾ വരുത്തിയതെന്ന് പരിശോധിക്കും. 10 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണം. തെറ്റായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുമെന്നും സുപ്രിംകോടതി പറഞ്ഞു

Update: 2026-10-05 08:30 GMT
Editor : Athulya | By : Web Desk

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹരജിയിൽ വിശദീകരണം തേടി സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്നും ഹരജിയിൽ കേസ് തുടരുന്നതിന് മുൻപായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ആവശ്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം ഗ്യാനേഷിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നും മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടെന്നും ആരോപിച്ച് സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.

Advertising
Advertising

പരിഷ്കരിച്ച ഫോം 6-ന് സുപ്രിംകോടതി അനുമതി നൽകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ യാതൊരുവിധ അവ്യക്തതയും വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഫോം 6 ലെ മാറ്റത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അവകാശവാദം കോടതി പൂർണമായും തള്ളി.

ഫോം 6 ൽ ആരാണ് മാറ്റങ്ങൾ വരുത്തിയതെന്ന് കോടതി പരിശോധിക്കും. 10 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണം. തെറ്റായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുമെന്നും കമ്മീഷൻ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രിംകോടതി പറഞ്ഞു. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ്‌ ചെയ്യണമെന്നാണ് ഹരജിക്കാർ കോടതിയിൽ പ്രധാനമായും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ സുതാര്യതയില്ലെന്നും അധികാര പരിധി കടന്നുള്ള ഇടപെലുകളാണ് കമ്മീഷൻ നടത്തുന്നതെന്നും ഹരജിക്കാർ ആരോപിച്ചു. വിഷയത്തിൽ രാജ്യം മുഴുവൻ പ്രതിഷേധിക്കുകയാണെന്നും ഗ്യാനേഷ് കുമാറിനെതിരായ പത്രറിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തള്ളിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ഒന്നിച്ചല്ല തീരുമാനമെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ കുറിപ്പ് തന്നെ വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെ അടിയന്തരമായി ഇടക്കാല ഉത്തരവ് വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. ജഡ്ജിമാർക്ക് പോലും ഇല്ലാത്ത പരിരക്ഷയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുള്ളതെന്നും ഇതിനായി 2023-ൽ നിയമത്തിൽ മാറ്റം വരുത്തിയെന്നും ഹരജിക്കാർ കോടതിയിൽ വാദിച്ചു.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News