വനിതാ മാധ്യമപ്രവർത്തകരുടെ പരാതിയിൽ അന്വേഷണം; ഡൽഹി ACP വിവേക് ഭഗതിന്റെ അധിക ചുമതല മരവിപ്പിച്ചു

അന്വേഷണം പൂർത്തിയാകുന്നതുവരെ അധിക ചുമതല ഏറ്റെടുക്കേണ്ടതില്ലെന്ന് വിവേക് ഭഗത് തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡൽഹി സർക്കാർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയത്

Update: 2026-10-06 02:43 GMT

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡൽഹി പൊലീസ് ACP വിവേക് ഭഗതിന്റെ അഡീഷണൽ DCP ചുമതല മരവിപ്പിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അധിക ചുമതല ഏറ്റെടുക്കേണ്ടതില്ലെന്ന് വിവേക് ഭഗത് തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡൽഹി സർക്കാർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയത്.

അഡീഷണൽ DCP തസ്തികയുടെ Current Duty Charge (CDC) നൽകുന്നതിനായി ഒക്ടോബർ അഞ്ചിന് പുറത്തിറക്കിയ ഉത്തരവിൽ വിവേക് ഭഗത് ഉൾപ്പെടെ 12 DANIPS ഉദ്യോഗസ്ഥരെയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ വനിതാ മാധ്യമപ്രവർത്തകരുടെ പരാതിയിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ അധിക ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ഭഗത് സ്വമേധയാ സർക്കാരിനെ അറിയിക്കുകയായിരുന്നു.

Advertising
Advertising

വനിതാ മാധ്യമപ്രവർത്തകരെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ പൂർണ അന്വേഷണം നടത്തി അത് തൃപ്തികരമായി പൂർത്തിയാകുന്നതുവരെ നിലവിലെ അധിക ചുമതല ഏറ്റെടുക്കേണ്ടതില്ലെന്നാണ് വിവേക് ഭഗത് ആവശ്യപ്പെട്ടതെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഇതോടെ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ള 11 ഉദ്യോഗസ്ഥർക്ക് മാത്രമായി CDC ചുമതല നൽകുകയും ചെയ്യും.

വിവേക് ഭഗതിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അധിക ചുമതല നൽകാനുള്ള നടപടി ആരംഭിച്ചതെന്ന തരത്തിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് സർക്കാർ വിശദീകരണം. 12 ഉദ്യോഗസ്ഥർക്ക് അഡീഷണൽ DCPയുടെ CDC നൽകാനുള്ള നടപടികൾ ആഗസ്റ്റ് 25ന് തന്നെ ആരംഭിച്ചിരുന്നുവെന്നും, നിലവിലെ സംഭവങ്ങൾക്ക് ഏറെ മുമ്പായിരുന്നു ഇതെന്നും സർക്കാർ വ്യക്തമാക്കി. ആവശ്യമായ അനുമതികൾ ലഭിച്ചതിന് ശേഷമാണ് ഒക്ടോബർ അഞ്ചിന് ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം, CDC നൽകുന്നത് സ്ഥിരം സ്ഥാനക്കയറ്റമല്ലെന്നും താൽക്കാലിക ചുമതല മാത്രമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക ആനുകൂല്യമോ സ്ഥിരം DCP തസ്തികയുടെ നിയമപരമായ അധികാരങ്ങളോ ലഭിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ മൂന്നിന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വോട്ടർപട്ടികയിലെ Special Intensive Revision നടപടികളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

പരാതികൾ ലഭിച്ചതിന് പിന്നാലെ ഡൽഹി പൊലീസ് അവ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തുന്നതിനാണ് പരാതികൾ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയതെന്നാണ് പൊലീസ് അറിയിച്ചത്.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News