ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' എം.പിമാർ പാർലമെന്റിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദാനിലേക്ക് മാർച്ച് ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടിയ പ്രതിപക്ഷ ജനപ്രതിനിധികൾ 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്നെഴുതിയ ബാനറുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ഡ്യ സഖ്യത്തിലെ 150 ഓളം എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധ വഴിയിൽ പൊലീസ് ബാരിക്കേഡ് ഉയർത്തിയതോടെ പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ ബാരിക്കേഡിനു മുകളിൽ കയറിയത് പ്രതിഷേധക്കാർക്ക് ആവേശമായി.
മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. 3,000ലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പൊലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തിരഞ്ഞെടുപ്പ് കമ്മിഷൻ കവാടങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിന് ശേഷം പ്രതിപക്ഷ സഖ്യം രൂപീകരിച്ച 'പ്രതിഷേധ ബ്ലൂപ്രിന്റിന്റെ' ഭാഗമായാണ് ഈ സമരം. അതേസമയം, ഡിഎംകെ, ആം ആദ്മി പാർട്ടി എന്നീ രണ്ട് പ്രമുഖ പ്രതിപക്ഷ കക്ഷികൾ ഈ മാർച്ചിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വരെ വിഷയം പൊതുസമൂഹത്തിൽ സജീവമായി നിലനിർത്താനുള്ള കൃത്യമായ റോഡ്മാപ്പും പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്.
Updating...