മോദിക്കെതിരായ പരാമർശം; മാലദ്വീപ് സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

വിവാദങ്ങൾക്ക് പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികൾ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ശക്തമാക്കി

Update: 2024-01-08 08:07 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ മാലദ്വീപ് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിവാദ പ്രസ്താവന നടത്തിയ മാലദ്വീപ് മന്ത്രിമാരെ പുറത്താക്കിയതായി ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികൾ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ശക്തമാക്കി.അതിനിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തി

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് ഉപ മന്ത്രിമാരായ മറിയം ഷിയുന, മൽശ ശരീഫ്, മഹ്സൂം മാജിദ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. മാൽദീപിലെ ഇന്ത്യൻ സ്ഥാനപതി ഇന്ത്യയുടെ പ്രതിഷേധം നേരിട്ട് അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമ്മർദ്ദം വർദ്ധിച്ചതോടെയാണ് മൂന്നു മന്ത്രിമാരെയും പുറത്താക്കാൻ മാൽദീപ് ഭരണകൂടം തയ്യാറായത്.

ഡൽഹിയിലെ മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി ആണ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. നേരിട്ട് എത്തിയ ഇന്ത്യയിലെ മാലദ്വീപ് അംബാസഡർ ഇബ്രാഹിം ഷഹീബ് മന്ത്രിമാരെ പുറത്താക്കിയ വിവരം കേന്ദ്ര സർക്കാരിനെ അറിയിച്ച് മടങ്ങി. വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിനെ ബഹിഷ്കരിക്കാൻ ഉള്ള ആഹ്വാനമാണ് ഇന്ത്യൻ ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾക്കിടയിൽ തരംഗമാകുന്നത്.

ഇന്ത്യൻ വിനോദസഞ്ചാര കമ്പനിയായ ഈസ് മൈ ട്രിപ്പ് മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കി. പ്രഥമ ചൈന സന്ദർശനത്തിന് മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മോയ്സ് പുറപ്പെടുന്നതിനു തൊട്ട് മുൻപ് ആരംഭിച്ച വിവാദം ടൂറിസം രംഗത്ത് തിരിച്ചടി ആയതോടെ ആണ് മന്ത്രിമാർക്ക് എതിരെ നടപടി സ്വീകരിക്കാൻ ഭരണകൂടം തയ്യാറായത്.

ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം എന്ന ആവശ്യം മാൽദീപ് പ്രസിഡണ്ടായി മുഹമ്മദ് മോയ്സ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉയർത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിൽ ഈ പരാമർശം നിഴൽ വീഴ്ത്തി. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ചൈനയിലേക്കുള്ള മുഹമ്മദ് മോയ്സിൻ്റെ സന്ദർശനം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News