മൂന്നിലൊരു ഗ്ലാസ് വെള്ളവും മലിനമായത്; മധ്യപ്രദേശിലെ കുടിവെള്ളം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

രാജ്യത്തെ കുടിവെള്ള ശുദ്ധിയുടെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് മധ്യപ്രദേശിലെ നിലവിലെ അവസ്ഥ

Update: 2026-01-07 09:25 GMT

ഭോപാൽ: മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ ലഭ്യമാകുന്ന മൂന്നിലൊന്ന് ഭാഗം കുടിവെള്ളവും സുരക്ഷിതമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ നടത്തിയ പ്രവർത്തനക്ഷമത വിലയിരുത്തൽ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ കുടിവെള്ള ശുദ്ധിയുടെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് മധ്യപ്രദേശിലെ നിലവിലെ അവസ്ഥ.

ജനുവരി നാലിന് പ്രസിദ്ധീകരിച്ച് റിപ്പോർട്ട് പ്രകാരം, മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിൽ പരിശോധിച്ച കുടിവെള്ള സാമ്പിളുകളിൽ വെറും 63.3 ശതമാനം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയത്. ദേശീയതലത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം 76 ശതമാനം ആയിരിക്കെയാണ് സംസ്ഥാനം ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. അതായത്, സംസ്ഥാനത്തെ ഗ്രാമങ്ങളിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 36.7 ശതമാനവും വിവിധ തരത്തിലുള്ള മലിനീകരണത്തിന് വിധേയമാണ്.

Advertising
Advertising

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്ന കുടിവെള്ളം പരിശോധിച്ചതിൽ 12 ശതമാനം മാത്രമാണ് സുരക്ഷിതമായി കണ്ടെത്തിയത്. 88 ശതമാനത്തോളം വരുന്ന ആശുപത്രികളിലും സുരക്ഷിതമല്ലാത്ത കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്‌കൂളുകളിൽ നടത്തിയ ടെസ്റ്റിൽ 26.7 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ആദിവാസി വിഭാഗം കൂടുതലായുള്ള അനുപ്പുർ, ദിനോരി തുടങ്ങിയ ജില്ലകളിലാകട്ടെ ഒരു സാമ്പിൾ പോലും സുരക്ഷിതമായി കണ്ടെത്തിയില്ല.

ഗ്രാമങ്ങളിലെ ജലസ്രോതസ്സുകളിൽ മാരകമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലൂറൈഡ്, ആഴ്‌സനിക്, ഇരുമ്പ്, നൈട്രേറ്റ് എന്നിവയ്‌ക്കൊപ്പം വെള്ളത്തിലെ ഉപ്പിന്റെ അംശവും അനുവദനീയമായ പരിധിയേക്കാൾ കൂടുതലാണെന്ന് പരിശോധനകളിൽ വ്യക്തമായി. ഇത്തരം അശുദ്ധജലത്തിന്റെ ഉപയോഗം ജനങ്ങളിൽ എല്ലുകളെയും പല്ലുകളെയും ബാധിക്കുന്ന രോഗങ്ങളടക്കം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. . പ്രത്യേകിച്ച് കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നു.

പൈപ്പുകൾ വഴി വീടുകളിൽ വെള്ളമെത്തിക്കുന്ന പദ്ധതികൾ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ടെങ്കിലും, ലഭ്യമാകുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ പത്ത് സാമ്പിളുകൾ പരിശോധിക്കുമ്പോഴും അതിൽ മൂന്നിലധികം എണ്ണത്തിലും മാരകമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നുണ്ട്.

കുടിവെള്ള പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം തന്നെ ജലശുദ്ധീകരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News