തെലങ്കാനയിൽ രേവന്ത് റെഡ്ഢിയുടെ സത്യപ്രതിജ്ഞ ഇന്ന്; മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ചേക്കും

തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഢി

Update: 2023-12-07 01:24 GMT
Advertising

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചക്ക് ഒരുമണിക്ക് ഹൈദരാബാദ് ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായും മറ്റു അഞ്ച് പേർ മന്ത്രിമാരായും രേവന്ത് റെഡ്ഢിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. കോൺഗ്രസ് ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിമാരെയും മറ്റു ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കാളികളായവരെയും പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്.

അതേസമയം രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ചേക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കുമെന്നാണ് സൂചന. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ രാജസ്ഥാൻ മുൻ മുഖമന്ത്രി വസുന്ധര രാജെ ഡൽഹിയിലെത്തി. ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 എംപിമാർ ഇന്നലെ രാജിവച്ചിരുന്നു രാജിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ ഇവരുമായി ചർച്ചകൾ നടത്തി. ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിങ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നതെങ്കിലും കേന്ദ്ര നേതൃത്വം പുതിയ മുഖങ്ങൾക്കാണ് മുൻഗണന നൽകുമെന്നാണ് സൂചന. ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. അതിനുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മധ്യപ്രദേശിൽ ഉയരുന്നത്.

വസുന്ധര രാജെക്ക് പുറമെ ഗജേന്ദ്ര സിങ് ഷെഖാവത്ത്,, മഹന്ദ് ബാലക് നാഥ്, തുടങ്ങിയവരെയാണ് രാജസ്ഥാനിൽ ബി.ജെ.പി പരിഗണിക്കുന്നത്. എന്നാൽ വസുന്ധര രാജെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം ബി.ജെ.പിയെ ആശങ്കയിലാക്കുകയാണ്. ഛത്തീസ്ഗഢിൽ രമൺ സിങ്, അരുൺ സാവോ, ഒ.പി. ചൗധരി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News